നെയ്യാറ്റിൻകര പെരിങ്ങമ്മല ഇടുവയിൽ വീടിന് മുന്നിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 101 കുപ്പി മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങമ്മല ഇടുവ സ്വദേശി ബിജീഷ് കുമാറിനെ (45) അറസ്റ്റു ചെയ്‌തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
ബിജീഷ് അനധികൃത മദ്യവില്പന നടത്തുന്നുവെന്ന് നെയ്യാറ്റിൻകര എകസൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. വീടിന്റെ സ്റ്റെയർകേസിന് അടിയിൽ രഹസ്യ അറയുണ്ടാക്കിയാണ് മദ്യം ഒളിപ്പിച്ചത്. സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് അറ നിർമിച്ചിരിക്കുന്നത്.
അരലിറ്റർ അളവിലുള്ള വിവിധ ബ്രാൻഡ് റമ്മുകളായിരുന്നു അധികവും. ഓണാഘോഷം മുന്നിൽ കണ്ടാണ് പ്രതി ഇത്രയധികം മദ്യം ശേഖരിച്ചതെന്ന് എക്സൈസ് ഉദ്യേഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
0 Comments