വേറിട്ട ഓണാഘോഷം നടത്തി രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച് എച്ച് എസിലെ എൻ എസ് എസ് വോളന്റീയർമാർ.
ഓണത്തിന്റെ ഐക്യവും സൗഹൃദവും പങ്കുവെയ്ക്കുന്നതിനായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കുഞ്ഞച്ചൻ മിഷനറി ഭവനിൽ സമുചിതമായ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യനും ഫാ. ജോമോൻ മാത്യു പറമ്പിതടത്തിലും ആശംസകൾ നേർന്നു.
വേദിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നിറഞ്ഞു നിന്നു. കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട് എന്നിവ ആഘോഷങ്ങൾക്ക് കലാപരമായ ചാരുത പകർന്നു. സയൻസ് ബാച്ചിലെ അഭിഷേക് ജയചന്ദ്രൻ മാവേലിയായി വേഷമിട്ടപ്പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ. അലക്സ് തന്റെ സംഗീതവുമായി വേദി നിറച്ചു. മലയാളി മങ്കയായി റോസ് മേരി മനോജും മലയാളി മങ്കനായി ക്രിസ്റ്റോ സോജനും എത്തിയപ്പോൾ പരിപാടിക്ക് നവ്യമായ ഭംഗി നൽകി.
കലാപരിപാടികൾക്ക് ശേഷം, കുഞ്ഞച്ചൻ മിഷനറി ഭവനിലെ നൂറിലധികം അന്തേവാസികൾക്ക് എൻഎസ്എസ് വോളണ്ടിയർമാർ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി നൽകി. പായസവും ഉൾപ്പെടെയുള്ള വിഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർക്ക് കുടുംബസൗഹൃദത്തിന്റെ ചൂടേകാൻ കഴിഞ്ഞു. തുടർന്ന് വോളണ്ടിയർമാരും അധ്യാപകരും ഒരുമിച്ച് സദ്യയിൽ പങ്കുചേർന്നു. കുഞ്ഞച്ചൻ മിഷനറി ഭവൻ ഡയറക്ടർ ബിനോയ് ഊടുപുഴ, ചടങ്ങിനോടനുബന്ധിച്ച് തന്റെ നന്ദി അറിയിച്ചു.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെ ഓണാഘോഷത്തിലൂടെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്വീകരിക്കാൻ കഴിഞ്ഞതിൽ വോളണ്ടിയർമാർ വലിയൊരു ചാരിതാർത്ഥ്യം അനുഭവിച്ചു. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും സാന്നിധ്യത്തോടൊപ്പം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നേതൃത്വം നൽകിയ ഈ ആഘോഷം വിദ്യാർത്ഥികൾക്ക് പുതുമയുള്ള ജീവിതാനുഭവവും പങ്കിടലിന്റെയും സേവനത്തിന്റെയും മഹത്വവും പകർന്നു നൽകി.
0 Comments