ചരിത്രം സൃഷ്ടിച്ച മദ്യവില്പന; 'വിമുക്തി മിഷന്‍' പിരിച്ചുവിടണം: പ്രസാദ് കുരുവിള
ഓണക്കാലത്ത് മദ്യവില്പനയില്‍ 826 കോടിയുടെ സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ 'വിമുക്തി മിഷന്‍' സമ്പൂര്‍ണ്ണ പരാജയവും പ്രഹസനവുമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണെന്നും വിമുക്തി മിഷനെ പിരിച്ചുവിടണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
സര്‍ക്കാരിന്റെ വിമുക്തി മിഷന്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് മദ്യോപയോഗത്തിന്റെ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്. ലഭ്യത വര്‍ദ്ധിപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയാണ് സര്‍ക്കാര്‍. മറ്റൊരു ദേശത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്.
മദ്യോപയോഗത്തിന്റെ നിശ്ചിത വരുമാനത്തില്‍ നിന്നും ബോധവത്കരണത്തിനായി ഫണ്ട് വിനിയോഗിക്കുന്ന വിരോധാഭാസവും ദയനീയ നയവും ചെപ്പടിവിദ്യകളിലൊന്നാണ്. അമ്മ- സഹോദരിമാരുടെ കണ്ണീരിന്റെ വില ഊറ്റിക്കുടിക്കുകയാണ് അധികാരികള്‍.
ബെവ്‌കോയുടെ കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്. ബാറുകളുടെയും കള്ളുഷാപ്പുകളുടെയും ഇതര മദ്യശാലകളിലെ ഉപയോഗത്തിന്റെയും കൂടി കണക്കുകള്‍ പുറത്തുവന്നാല്‍ ഞെട്ടിപ്പിക്കുന്നതായിരിക്കും.
മയക്കുമരുന്നിന്റെ വര്‍ദ്ധനവിന് കാരണം മദ്യത്തിന്റെ ലഭ്യതകുറവാണെന്ന് പ്രചരിപ്പിച്ചവരുടെ നാവടങ്ങിയിരിക്കുകയണിപ്പോള്‍. മാരക രാസലഹരികളും മദ്യവും യഥേഷ്ഠം ലഭിക്കുന്ന ഹബ്ബായി കേരളം മാറി.
മദ്യ-മാരക രാസലഹരികളുടെ വര്‍ദ്ധനവിനും വ്യാപനത്തിനും ത•ൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട്, ഒഴിഞ്ഞുമാറാനാവില്ല.
സംസ്ഥാനത്തെ മാധ്യമങ്ങള്‍ നല്കുന്ന ബോധവത്ക്കരണങ്ങളും, മുന്നറിയിപ്പുകളുമാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തേക്കാളും മികച്ചത്. സര്‍ക്കാരിന്റെ 'സുംബാ ഡാന്‍സ്' കൊണ്ടൊന്നും ലഹരി ഉപയോഗത്തെ തടയാനാവില്ല. ലഭ്യത കുറച്ച് കര്‍ക്കശ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ലഹരിക്കെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും. മദ്യത്തിന്റെയും മാരക ലഹരികളുടെയും ദുരിത, ദുരന്ത ഫലങ്ങള്‍ ഡോര്‍ ടു ഡോര്‍ പ്രചരണ വിഷയമാകും.
0 Comments