ഓർമകളുടെ സുഗന്ധം പേറി ഒരു കലാലയം....രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 23 ന് പാലാ സെന്റ് തോമസ് കോളേജിൽ
“മീനച്ചിൽ താലൂക്കിന്റെ കേന്ദ്രമായ പാലായിൽ അരുണാപുരംകുന്നിൽ മീനച്ചിൽ നിവാസികളുടെ ധർമ്മധീരതയ്ക്കും കർമ്മശൂരതയ്ക്കും സർവോപരി രാജ്യശ്രേയസ്സിലുള്ള ഔത്സുക്യത്തിനും മകുടോദാഹരണമായി വിരാജിക്കുന്ന ഈ കോളേജ് മന്ദിരത്തിന്റെ വെഞ്ചരിപ്പ് ഇന്ന് രാവിലെ ചങ്ങനാശ്ശേരി രൂപതയുടെ വികാർ കാപ്പിറ്റുലർ മോൺ ജേക്കബ്ബ് കല്ലറയ്ക്കൽ അവർകൾ യഥാവിധി നിർവഹിക്കുന്നതാണ്.''
1950 ഓഗസ്റ്റ് 8 ന് ദിന പത്രങ്ങളിൽ വന്ന വാർത്തയിലെ പ്രസക്തമായ ഒരു വാചകം ഇപ്രകാരമായിരുന്നു. ആ പുണ്യദിനത്തിൽ നിന്ന് എഴുപത്തിയഞ്ച് സംവത്സരം പിന്നിട്ട് അവിസ്മരണീയമായ മറ്റൊരു ദിനത്തെ വരവേല്ക്കാൻ ഒരുങ്ങുകയാണ് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജ്. പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ഒക്ടോബർ 23 നാണ് രാഷ്ട്രപതി ദ്രൗപദി മുർമു കോളേജിലെത്തുന്നത്. നാടും കലാലയവും ജില്ലാഭരണകൂടവും മേലധികാരികളും ദ്രുതഗതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് കാണുമ്പോൾ പഴയ തലമുറയുടെ മനസ്സിൽ സമാനമായ ദിവസങ്ങളുടെ ഒളിമങ്ങാത്ത ഓർമ്മകളോടിയെത്തുന്നു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, കേന്ദ്ര ആഭ്യന്തരമന്ത്രി കെ.എൻ. കട്ജു, എസ്.കെ. പാട്ടീൽ എംപി, സംസ്ഥാന മുഖ്യമന്ത്രി എ.ജെ. ജോൺ, തിരു-കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ, ഇന്ദിരാഗാന്ധി, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി റവ. മാർട്ടിൻ ലൂക്കാസ്, പൗരസ്ത്യ തിരുസംഘം സെക്രട്ടറി കർദ്ദിനാൾ ടിസറന്റ് തുടങ്ങിയ പ്രശസ്ത വ്യക്തികളാണ് 1953-1954 അധ്യയനവർഷത്തിൽ വിശിഷ്ടാതിഥികളായി കോളേജിലെത്തിയത്. പ്രൗഢഗംഭീരമായ A ബ്ലോക്കിന്റെ മുകൾനിലയിൽ നിന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്ന് സദസിനെ അഭിസംബോധന ചെയ്തത്. 1976-ല്‍ കോളേജിന്റെ സിൽവർ ജൂബിലി ഉദ്ഘാടന ത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ സന്ദർശനവേളയിലാണ് A ബ്ലോക്കിന് മുൻവശമുള്ള സ്ഥലം ടാർ ചെയ്തതും ഹെലിപാഡായി ഉപയോഗിച്ചതും. പിന്നീട് അടുത്ത കാലം വരെ ഹെലിപാഡ് എന്ന പേരിലാണ് ഈ ഭാഗം എല്ലാവർക്കും പരിചിതമായിരുന്നതെന്ന് പൂർവ്വവിദ്യാർത്ഥികളിൽ പലരുമിന്നോർക്കുന്നു. കോളേജിന്റെ വലിയ മൈതാനമായിരുന്നു അന്നത്തെ സമ്മേളനവേദി. അന്ന് ഇന്ദിരാ ഗാന്ധിക്ക് വേണ്ടി നിർമ്മിച്ച പ്രസംഗവേദി കാമ്പസില്‍ ഇപ്പോഴുമുണ്ട്. 1961-62 അധ്യയനവർഷത്തിൽ കോളേജ് ഡേ ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ ഗവർണറും പിന്നീട് രാഷ്ട്രപതിയുമായ വി.വി. ഗിരി ആയിരുന്നു.
മധ്യതിരുവിതാംകൂറിലെ, പ്രത്യേകിച്ച് പാലായിലെ കലാസ്നേഹികൾക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദരദിനങ്ങളായിരുന്നു 1967-ൽ സെന്റ് തോമസ് കോളേജ് സമ്മാനിച്ചത്. അൽഫോൻസാ കോളേജുമായി സഹകരിച്ച് കോളേജ് അങ്കണത്തിൽ പല ദിവസങ്ങളായി സംഘടിപ്പിച്ച കലാവിരുന്നില്‍ ഹിന്ദി ചലച്ചിത്രഗാനരംഗത്തെ വിസ്മയമായിരുന്ന മുഹമ്മദ് റാഫി, ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്, എസ്. ജാനകി, ഹേമലത, പി.ബി. ശ്രീനിവാസൻ തുടങ്ങിയവരാണ് പാടാനെത്തിയത്. സത്യനും പ്രേം നസീറും ഉൾപ്പെടെയുള്ള വൻ താരനിരയാണ് ഓരോ ദിവസവും ഉദ്ഘാടകരായി എത്തിയത്.
കോളേജിലെ പൂര്വ്വാവിദ്യാര്ത്ഥിചയും സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായ കെ.ജി. ബാലകൃഷ്ണന്‍ 2010 - ല്‍ കോളേജിന്റെ ഡയമണ്ട് ജൂബിലി ഉദ്ഘാടകനായിരുന്നു. കോളേജിന്റെ 62-മത് സ്ഥാപന ദിനാഘോഷത്തില്‍ 2012 ൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം വിശിഷ്ടാതിഥിയായി കോളേജിലെത്തി. വിദ്യാർത്ഥികളോട് സംസാരിക്കാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുമായിരുന്നു അന്ന് അദ്ദേഹം ഏറെ താല്പര്യപ്പെട്ടത്.
A ബ്ലോക്കിന്റെ പിന്നിലായി ഒരു ഇലഞ്ഞി തൈ നട്ടതിന് ശേഷമായിമാണ് അദ്ദേഹം മടങ്ങിയത്. ഓർമ്മകളുടെ സൗരഭ്യം പൊഴിക്കാനൊരുങ്ങി നില്ക്കുന്ന ഇലഞ്ഞിമരത്തെ സവിശേഷ ശ്രദ്ധയോടെയാണ് കോളേജ് പരിപാലിക്കുന്നത്. പ്രസ്തുത വര്ഷതത്തിൽ തന്നെ കോളേജില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രിയുടെ ശാസ്‌ത്രോപദേശക സമിതി ചെയര്മാഷൻ ഡോ. സി.എന്‍.ആര്‍. റാവു. കോളേജില്‍ എത്തി.
2016-ൽ നൊബേൽ സമ്മാന ജോതാക്കളായ പ്രൊഫ. അദാ ഇ.യോനാഥ്, പ്രൊഫ. ക്ലോസ് വോൺ ക്ലിറ്റ്സിങ്ങ് 2018-ൽ ആസാം സമരനായികയായിരുന്ന ഇറോം ശർമ്മിള, 2025-ൽ ലോകപ്രശസ്ത സ്കോട്ടിഷ് ചരിത്രകാരനായ വില്യം ഡാൽറിംപിൾ തുടങ്ങിയ പ്രശസ്ത വ്യക്തികളും കോളേജില്‍ വിശിഷ്ടാതിഥികളായി എത്തി. എഴുപത്തിയഞ്ചു സംവത്സരങ്ങളിലെ അഭിമാനോജ്ജ്വലമായ സുന്ദരസ്മൃതികളുടെ അകമ്പടിയോടെയാവും പാലാ സെന്റ് തോമസ് കോളേജ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വരവേല്ക്കുന്നത്.
0 Comments