കിടങ്ങൂര്‍ ഡിവിഷനില്‍ വിവിധ കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം

കിടങ്ങൂര്‍ ഡിവിഷനില്‍ വിവിധ കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം 

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ 5 കുഴല്‍കിണര്‍ കുടിവെള്ള പദ്ധതികള്‍, കൂടല്ലൂര്‍ സാമൂഹ്യആരോഗ്യകേന്ദ്രത്തില്‍ കുടിവെള്ള കിണറും അനുബന്ധ സൗകര്യങ്ങളും, എലിക്കുളം പഞ്ചായത്തിലെ താഷ്‌കന്റ് കുടിവെള്ള പദ്ധതി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 

കൂടല്ലൂര്‍ സാമൂഹ്യആരോഗ്യകേന്ദ്ര കോബൗണ്ടില്‍ നിലവില്‍ കുടിവെള്ളത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പാടശേഖരത്തിന് സമീപം നിര്‍മ്മിച്ചിരിക്കുന്ന കിണറ്റില്‍നിന്നുമാണ് ആശുപത്രിയിലേക്കുള്ള വെള്ളം എത്തിച്ചിരുന്നത്.

 വര്‍ഷകാലങ്ങളില്‍ പാടശേഖരങ്ങളില്‍ നിന്നുള്ള ചെളിവെള്ളം ഇറങ്ങുന്നതുകൊണ്ടും വേനല്‍ക്കാലങ്ങളില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം കൊണ്ടും ഈ കിണര്‍ പൂര്‍ണ്ണമായും ആശുപത്രിയ്ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്ന സാഹചര്യമായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രി കോമ്പൗണ്ടില്‍ പുതുതായി കിണര്‍ നിര്‍മ്മിച്ചാണ് ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്ന സാഹചര്യം ഉണ്ടായത്. കൂടല്ലൂര്‍ സാമൂഹ്യആരോഗ്യകേന്ദ്രത്തിലെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിച്ചത്. പുതുതായി നിര്‍മ്മിച്ച കിണറിന്റെയും അനുബന്ധ പ്രോജക്ടിന്റെയും ഉദ്ഘാടനം നാളെ (1.11.2025, ശനി) രാവിലെ 9.30 ന് സാമൂഹ്യആരോഗ്യകേന്ദ്രം കോമ്പൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ ആമുഖപ്രസംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ സ്വാഗതവും ആശംസിക്കും. 

കുടിവെള്ള പദ്ധതികളില്‍നിന്നും വെള്ളം ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിരുന്ന 5 പ്രദേശങ്ങളിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് 5 കുഴല്‍ കിണര്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയത്. എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരി, കൊഴുവനാല്‍ പഞ്ചായത്തിലെ കപ്പിലിക്കുന്ന് കൊച്ചുകുന്ന് ഭാഗം, കിടങ്ങൂര്‍ പഞ്ചായത്തിലെ ചെമ്പിളാവ് കാരൂര്‍ ഭാഗം, പാദുവ-പള്ളിയമ്പില്‍ ഭാഗം, പാദുവ-മാങ്കുടി ഭാഗം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. പുതിയ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് വാട്ടര്‍ടാങ്ക് സ്ഥാപിച്ച് മോട്ടോര്‍പുരയും മോട്ടറും പൈപ്പ്‌ലൈനും സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് ഓരോ പദ്ധതിയിലും പൂര്‍ത്തീകരിച്ചിട്ടുള്ളത്. 5 കുഴല്‍കിണര്‍ കുടിവെള്ള പദ്ധതികളുടെയും ഉദ്ഘാടനം രണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള സമയത്ത് നടത്തപ്പെടുന്നതാണ്. 5 സ്ഥലങ്ങളിലായി നടക്കുന്ന ചടങ്ങില്‍വച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.  

എലിക്കുളം പഞ്ചായത്തിലെ താഷ്‌കന്റ് ഭാഗത്ത് 100 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് താഷ്‌കന്റ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതവും ഗുണഭോകതൃവിഹിതവും ചേര്‍ത്ത് 10 ലക്ഷം രൂപയും ഉള്‍പ്പെടെ 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഈ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്ന പ്രദേശമായിരുന്നു എലിക്കുളം പഞ്ചായത്ത് 16-ാം വാര്‍ഡിലെ താഷ്‌കന്റ് പ്രദേശം. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകണമെന്നുള്ള പതിറ്റാണ്ടുകളുടെ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിയുന്നത്. ഈ പദ്ധതിയുടെ കിണര്‍, വാട്ടര്‍ടാങ്ക്, പമ്പിംഗ് മെയിന്‍ സ്ഥാപിക്കല്‍, മോട്ടോര്‍ സ്ഥാപിക്കല്‍, വൈദ്യുതി കണക്ഷന്‍, ഭാഗിഗമായ വിതരണ പൈപ്പുകള്‍ എന്നിവയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. താഷ്‌കന്റ് കുടിവെള്ളപദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 4 ന് താഷ്‌കന്റ് ലൈബ്രറി അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിക്കും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments