ഇടുക്കി ജില്ലയില്‍ വീണ്ടും കാട്ടാനക്കലിയില്‍ ജീവന്‍ പൊലിഞ്ഞു. ഈ വര്‍ഷം ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
കാട്ടാനകള്‍ കുടിയേറ്റ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്‌പോഴും ഇതിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവി ആക്രമണങ്ങള്‍ ഇപ്പോള്‍ ജില്ലയില്‍ പതിവാകുകയാണ്. 2024ല്‍ ഏഴ് പേരാണ് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 47 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. പീരുമേട് താലൂക്കില്‍ മാത്രം ഈ വര്‍ഷം മൂന്നു പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഏറ്റവുമൊടുവില്‍ കാട്ടാനക്കലിക്ക് ഇരയായി മരിച്ചത് പന്നിയാര്‍ എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായ വേലുച്ചാമിയാണ്. രാവിലെ 11നാണ് ചിന്നക്കനാല്‍ ചൂണ്ടലിലുള്ള കൃഷിയിടത്തില്‍ വച്ച് കാട്ടാന വേലുച്ചാമിയെ ആക്രമിച്ചത്. ഇതിന് രണ്ട് മാസം മുന്പ് ജൂലൈ 29ന് റബര്‍ കര്‍ഷകനായ കാഞ്ഞിരപ്പള്ളി തന്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (64) മതന്പയില്‍ പാട്ടത്തിനെടുത്ത റബര്‍ത്തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഒന്നര മാസം മുന്പ് ജൂണ്‍ 12ന് പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി വീട്ടമ്മ സീത കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പുരുഷോമത്തനെ കാട്ടാന ആക്രമിച്ച സ്ഥലത്തുനിന്ന് നാലു കിലോ മീറ്റര്‍ അകലെ ഫെബ്രുവരി പത്തിന് കൊന്പന്‍പാറ നെല്ലിവിള പുതുപ്പറന്പില്‍ സോഫിയ ഇസ്മായിലെ (46) കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ തന്നെയാണ് ചിന്നാര്‍ വന്യ ജീവി സങ്കേതത്തില്‍ ഫയര്‍ലൈന്‍ തെളിക്കാന്‍ പോയ ചന്പക്കാട് ഗോത്രവര്‍ഗ ഗ്രാമത്തിലെ വിമല്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മുള്ളരിങ്ങാട് അമയല്‍തൊട്ടി പാലിയത്ത് അമര്‍ ഇബ്രാഹിം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാളുന്ന പ്രതിരോധം മുന്‌പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുന്‌പോഴും ഫലപ്രദമായ പ്രതിരോധ നടപടികള്‍ ഒരുക്കാന്‍ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിക്കാന്‍ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.
വന്യജീവികള്‍ ജനവാസ മേഖലയിലിറങ്ങാന്‍ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതാണെന്നാണ് വനംവകുപ്പിന്റെ വാദം. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഓരോ വര്‍ഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും പ്രയോജനമുണ്ടാകുന്നില്ല. 2016ന് ശേഷം ജില്ലയില്‍ 10 കോടിയിലേറെയാണ് വന്യജീവിശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. എന്നാല്‍ നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷന്‍, കാടു വെട്ട്, ഫയര്‍ലൈന്‍ തെളിക്കല്‍, ഫയര്‍ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
പ്രതിഷേധിച്ചാല്‍ നഷ്ടപരിഹാരം കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്‌പോള്‍ വനംവകുപ്പില്‍നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. പീരുമേട് തോട്ടാപ്പുരയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കാട്ടാന-വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം. പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് നല്‍കുന്നത്. പലപ്പോഴും പ്രതിഷേധം ശക്തമാകുന്‌പോള്‍ മാത്രമാണ് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കാന്‍ തയാറാകുന്നത്.





0 Comments