വഴിയില്‍ കിടന്നുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെയെത്തിച്ചു....വിദ്യാര്‍ത്ഥിനിയ്ക്ക്‌ സമ്മാനമായി ലഭിച്ചത് സ്വര്‍ണ്ണമോതിരങ്ങൾ


 വഴിയില്‍ കിടന്നുകിട്ടിയ സ്വർണ്ണമാല ഉടമയുടെ കയ്യിലെത്തുന്നതിന് വഴിയൊരുക്കിയ വിദ്യാര്‍ത്ഥിയ്ക്ക് സ്വര്‍ണ്ണമോതിരങ്ങള്‍ സമ്മാനം. സംഭവമിങ്ങനെയായിരുന്നു… 

 ‘അങ്കിളേ.. ഇത് റോഡില്‍ കിടന്ന് കിട്ടിയ മാലയാ’.. ഒരു ജ്വല്ലറി ഉടമയുടെ കയ്യില്‍ കൊടുത്ത ശേഷം വിദ്യാര്‍ത്ഥിനിയായ ആ പെണ്‍കുട്ടി അതിവേഗം നടന്നു നീങ്ങി. യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയാല്‍ ഒന്ന് വിളിച്ച് പറയാന്‍ ഫോണ്‍ നമ്പര്‍ പോലും ആ കുട്ടി കൊടുത്തിരുന്നില്ല.  

 കിട്ടിയ മാല കോഴഞ്ചേരിയില്‍ ശ്രീലക്ഷ്മി ജുവലറി നടത്തുന്ന അനില്‍കുമാറിനെയാണ് പെൺകുട്ടി ഏൽപ്പിച്ചത്. അദ്ദേഹം അത് പരിശോധിച്ച് സ്വർണം ആണെന്ന് ഉറപ്പാക്കി ആറന്മുള പോലീസിനെ ഏല്‍പ്പിച്ചു. ഇതേ സമയം തന്റെ നഷ്ടപെട്ട താലിമാലയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആയിരുന്നു വീട്ടമ്മയായ അഞ്ജലി.  

 കരഞ്ഞുകലങ്ങിയ കണ്ണുമായി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ അവര്‍ കേട്ടത് സന്തോഷ വാര്‍ത്ത. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ആ മാല സ്റ്റേഷനിലുണ്ട്. തന്റെ മാല തിരികെ കിട്ടാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിനൊപ്പം അന്വേഷണം തുടങ്ങി. ഒടുവില്‍ ആ തങ്ക മനസ്സുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. 

 കോഴഞ്ചേരിയിലെ ഒരു സ്വകാര്യ കോളേജില്‍ ഒന്നാംവര്‍ഷ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന അദ്വൈതയായിരുന്നു ആ മിടുക്കി. അന്ന് രാത്രിയില്‍ തന്നെ അദ്വൈതയുടെ വീട്ടില്‍ അഞ്ജലിയും ജൂവലറി ഉടമയും എത്തി. സ്‌നേഹ സമ്മാനമായി ഇരുവരും സ്വര്‍ണ്ണ മോതിരങ്ങള്‍ സമ്മാനിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments