‘ചില്ലറ’ക്കാലമല്ല കണ്ടക്ടർ എലൈറ്റ് രാജുവേട്ടൻ ഓടിത്തീർത്തത്.... 40 വർഷം എലൈറ്റ് ബസിലെ കണ്ടക്ടർ, വിരമിക്കുന്നത് മനസ്സില്ലാ മനസ്സോടെ ....



 കണക്കുകൂട്ടലും കിഴിക്കലുമായി യാത്രക്കാർക്കൊപ്പം ‘ചില്ലറ’ക്കാലമല്ല കണ്ടക്ടർ  (എലൈറ്റ് രാജു–60) ഓടിത്തീർത്തത്. 40 വർഷത്തെ സേവനത്തിനുശേഷം ഹൈറേഞ്ചിലെ പ്രമുഖ സ്വകാര്യ ബസ് കമ്പനിയായ എലൈറ്റ് മോട്ടഴ്സിൽ നിന്ന് രാജു യാത്ര പറഞ്ഞപ്പോൾ പതിവു യാത്രക്കാർക്കും വിഷമം.


 1985ൽ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് തടിയമ്പാട്ടുകാരൻ റെജി തോമസ് (രാജു) കട്ടപ്പനയിലുള്ള ബന്ധു വഴി എലൈറ്റ് ബസിൽ ട്രെയ്നിയായി കയറിക്കൂടി. പിന്നെ ഇറങ്ങുന്നത് ദേ 2025ൽ. ആദ്യ കാലത്ത് വള്ളക്കടവ് –ആനവിലാസം റൂട്ടിലായിരുന്നു സർവീസ്. പിന്നീട് കുമളി – ചെറുതോണി – തൊടുപുഴ റൂട്ടിലായി ജോലി. 35 വർഷം രാവിലെ കുമളിയിൽനിന്ന് അണക്കരയും കട്ടപ്പനയും ഇടുക്കിയും ചെറുതോണിയും കുളമാവും മൂലമറ്റവും കടന്നു തൊടുപുഴയ്ക്കു പോയി. ഉച്ച കഴിഞ്ഞ് ഇതേ റൂട്ടിൽ തിരിച്ചും. 


 ‘‘എലൈറ്റ് തോമാൻ ചേട്ടൻ (കെ.എം.തോമസ്) എന്ന ഉടമയുടെ കരുതലും വിശ്വാസവുമാണ് ഇത്രകാലം ഇവിടെ പിടിച്ചുനിർത്തിയത്. എല്ലാ ദിവസവും ജോലി ചെയ്ത മാസങ്ങൾ ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യാത്ത മാസങ്ങൾ ഓർമയിലില്ല. ഡ്രൈവർമാരായ ചന്ദ്രൻ ചേട്ടനും ജോസേട്ടനുമടങ്ങുന്ന സഹപ്രവർത്തകർ ഒരു കുടുംബമായി ഒപ്പം നിന്നു. 13 വർഷം കുമളിക്കു സമീപം പത്തുമുറി എന്ന ഗ്രാമത്തിൽ ആയിരുന്നു രാത്രി താമസിച്ചിരുന്നത്. 


അവിടെയുള്ളവരൊക്കെ അന്നും ഇന്നും ഒരു കുടുംബം പോലെയാണ്’’. രാജു പറയുന്നു. ഇനിയും എലൈറ്റിനൊപ്പം ഓടണമെന്നുണ്ട്, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വിരമിക്കുന്നു: രാജു കൂട്ടിച്ചേർത്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments