ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് രജനികാന്ത്. അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. മികച്ച നടനും, വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസന്‍ എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.
”എന്റെ നല്ല സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു. ഗംഭീര നടനും വളരെ നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്നാണ് രജനികാന്ത് പറഞ്ഞത്.
ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു. ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമാണെന്ന് നടി ഉര്‍വശി അനുസ്മരിച്ചു. ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. താന്‍ നന്നായിരിക്കണം എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.
എക്കാലത്തെയും മികച്ച എഴുത്തുകാരനും സംവിധായകനും നടനുമായ ഒരാള്‍ക്ക് വിട എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.ശ്രീനിവാസനുമായി 43 വര്‍ഷത്തെ ദൃഢസൗഹൃദമാണ് ഉണ്ടായിരുന്നത് എന്നാണ് നടനും എംഎല്‍എയുമായ എം. മുകേഷ് പറഞ്ഞത്. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസന്റേത്. ഒരു തിരക്കഥ കിട്ടിയാല്‍ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂവെന്നും മുകേഷ് ഓര്‍മിച്ചു.




0 Comments