ഇറിഡിയം തട്ടിപ്പ്.....ഹരിപ്പാട് ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ…



 ആലപ്പുഴ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പിൽ നാല് പേർ അറസ്റ്റിൽ. ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്. നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭീഷണി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്നാണ് കണ്ടെത്തൽ.  കോടികൾ വിലയുള്ള ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടിതുക നൽകാമെന്ന്, വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നാല് പേ‌‍രെ അറസ്റ്റ് ചെയ്തത്.


 തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇറിഡിയം കയ്യിൽ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ 2024 ഓഗസ്റ്റ് മുതൽ പരാതിക്കാരന്‍റെ പക്കൽ നിന്ന് പലതവണയായി പണം വാങ്ങി.  കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായകമായ പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 


തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. 10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഇവർക്ക് നൽകാൻ 10 കോടിയോളം രൂപ പ്രതികൾ പലരിൽ നിന്നായി സമാഹരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


 എന്നാൽ മറ്റാരും ഇതുവരെ പരാതിയുമായി രംഗത്ത് എത്തിയിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അറസ്റ്റിലായ പ്രതികളെ ജാമ്യത്തിൽ വിട്ടു. കേസിൽ കൂടുതൽ പേര്‍ അറസ്റ്റിലാകാനുണ്ട്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments