കുറിച്ചിത്താനത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം ഫെബ്രുവരി 21-ന് റവന്യൂ മന്ത്രി നിർവഹിക്കുന്നു....45 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻ്റ് സ്കീമിൽ ഉൾപ്പെടുത്തി കുറിച്ചിത്താനത്ത് ആധുനിക സംവിധാനങ്ങളോടെ നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപന കർമ്മം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10:30-ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കുറിച്ചിത്താനത്ത് നിലവിൽ ജീർണാവസ്ഥയിലായിരിക്കുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി നിലവിലുള്ള സ്ഥലത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിൽ നിന്നും 45 ലക്ഷം രൂപയുടെ വികസന പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
കുറിച്ചിത്താനത്ത് സ്ഥിതി ചെയ്യുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള സർക്കാർ നടപടികൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ ഉടനെ പുതിയ കെട്ടിടം നിർമ്മാണത്തിനുള്ള സ്ഥലം അടിയന്തരമായി ക്രമീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
കുറിച്ചിത്താനത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിന് മുന്നോടിയായി മരങ്ങാട്ടുപിള്ളി പാരിഷ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന വികസന യോഗം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ തഹസിൽദാർ ലിറ്റിമോൾ തോമസ് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിബി മാത്യു, ബ്ലോക്ക് മെമ്പർമാരായ ബെൽജി ഇമ്മാനുവൽ, ജൂബി തെക്കേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ,
പഞ്ചായത്ത് മെമ്പർ മേരി ഹെലൻ, വില്ലേജ് ഓഫീസർ മെറീന ജോസഫ്, വിവിധ ജനനേതാക്കളായ ജെയിൻ ജി. തുണ്ടത്തിൽ,മാർട്ടിൻ അഗസ്റ്റിൻ,ജിജോ കെ. ജോസ്,സി.റ്റി. സജിമോൻ,രഞ്ജിത്ത് മോഹൻ, അനന്തകൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.
ഫെബ്രുവരി 21-ന് റവന്യൂ മന്ത്രി പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങും പൊതുസമ്മേളനവും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികൾ പ്രസംഗിക്കുന്നതാണ്.




0 Comments