മഹാനായ കെ.എം. മാണിസാറിന്റെ സ്വപ്നപദ്ധതിക്ക് പ്രതിപക്ഷം എതിര് നില്‍ക്കല്ലേ - പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനുവും യു. ഡി. എഫ് കൗൺസിലർമാരും
ലണ്ടന്‍ ബ്രിഡ്ജും അമിനിറ്റി സെന്ററും മഹാനായ കെ.എം. മാണിസാര്‍ ആവിഷ്‌കരിച്ച സ്വപ്ന പദ്ധതിയാണ്. ദയവായി നഗരസഭയിലെ പ്രതിപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ ഇതിന് എതിരുനില്‍ക്കരുതേ എന്നാണ് തങ്ങൾക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ചെയർപേഴ്സൺ ദിയാ ബിനുവും യു.ഡി. എഫ്. കൗൺസിലർമാരും പത്ര സമ്മേളനത്തിൽ പറഞ്ഞു..
അമിനിറ്റി സെന്ററിന്റെയും ലണ്ടന്‍ ബ്രിഡ്ജിന്റെയും ഭാഗമായി തൂക്കുപാലം പണിത് ഇപ്പോള്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന അമിനിറ്റി സെന്ററിന് പുനര്‍ജ്ജീവന്‍ കൊടുക്കാനാണ് നഗരസഭ ശ്രമിച്ചത്. മാണിസാര്‍ ആവിഷ്‌കരിച്ച ഈ പദ്ധതി അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പാലായ്ക്ക് അഭിമാനമായി പ്രവര്‍ത്തിക്കുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സംസ്ഥാന സര്‍ക്കാരാണ് അമിനിറ്റി സെന്ററിന്റെയും ലണ്ടന്‍ ബ്രിഡ്ജിന്റെയും തുടര്‍പണികള്‍ നടത്തിയത്. അഞ്ച് വര്‍ഷം മുമ്പ് ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഇത്രയും ശ്രദ്ധേയമായ ഒരു പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിലെ തന്നെ കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം)-ന്റെ കൗണ്‍സിലര്‍മാര്‍ ഇങ്ങനെ തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും പോലും ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ക്ക് പ്രതിബദ്ധതയില്ലേ യു.ഡി. എഫ്. കൗൺസിലർമാർ ചോദിക്കുന്നു.
ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വാര്‍ഡ് ഫണ്ട് വെട്ടിക്കുറയ്ക്കുന്നുവെന്ന വസ്തുതാവിരുദ്ധമായ ആക്ഷേപമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തൂക്കുപാലം പദ്ധതിക്കായി ബഹുമാന്യനായ ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി.യും ബഹുമാന്യനായ മാണി സി. കാപ്പന്‍ എം.എല്‍.എ.യും എല്ലാവിധ പിന്തുണയും നല്‍കാമെന്ന് പരസ്യമായി അറിയിച്ചിട്ടും മാണിസാറിന്റെ സ്വപ്നപദ്ധതിയെ ഇല്ലായ്മ ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എല്ലാ നിയമവശങ്ങളും പരിശോധിച്ച് എല്ലാവിധ അനുമതിയോടുംകൂടി മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ എന്നിരിക്കെ ബാലിശമായ ആരോപണങ്ങള്‍ നിരത്തി മഹാനായ മാണിസാറിനെ പോലും അപമാനിക്കുന്നവിധം പദ്ധതിക്കെതിരെ നില്‍ക്കുന്നത് ശരിയാണോയെന്ന് കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ ചിന്തിക്കണം. നാടിന്റെ വികസനത്തിനായി എല്ലാവരുമായും ഒത്തുചേര്‍ന്നുകൊണ്ട് നമുക്ക് ഈ പദ്ധതി നടപ്പിലാക്കാം.
തൂക്കുപാലം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് ബഹുമാന്യനായ കെ.എം. മാണിസാറിനുള്ള ഒരു പാവന സ്മരണകൂടിയാകുമെന്ന കാര്യവും പ്രത്യേകം കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ ഓര്‍ക്കണമെന്നും എല്ലാത്തിലുമുപരി പാലായിലെ പ്രബുദ്ധരായ ജനം ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എന്നെങ്കിലും പ്രിയപ്പെട്ട കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ ചിന്തിക്കണമെന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടവും യു.ഡി. എഫ്. കൗൺസിലർമാരും പറഞ്ഞു.
പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, ബിജു മാത്യൂസ് , അഡ്വ. ബിനു പുളിക്കക്കണ്ടം , ടോണി തൈപ്പറമ്പിൽ എന്നിവരും സംസാരിച്ചു






0 Comments