നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ഡോ. ബിന്ദു സുന്ദറിനു സസ്‌പെൻഷൻ.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തീസിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്.
വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻ.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.തിങ്കൾ രാവിലെ 10ന് ആണ് 9-ാം മാസത്തെ സ്കാൻ റിപ്പോർട്ട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ നിരഞ്ജന കൃഷ്ണനും ഭർത്താവും എത്തിയത്.
തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ലേബർ റൂമിൽ കയറ്റി. നിരഞ്ജനയ്ക്കൊപ്പം മാതാവ് നിർമലയും ലേബർ റൂമിൽ ഉണ്ടായിരുന്നു. രണ്ടുമണിയോടെ പ്രസവ ശസ്ത്രക്രിയ നടത്തിയെങ്കിലും പുറത്തെടുത്തയുടൻ കുഞ്ഞ് മരിക്കുകയായിരുന്നു.




0 Comments