ഇന്ത്യയുടെ ഊർജ്ജ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിന് പരിഹാരമാകുന്നു എന്ന ശുഭവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പാചകവാതക (എൽപിജി) വിതരണത്തിൽ അടുത്തിടെ അനുഭവപ്പെട്ട ആശങ്കകൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് കൂറ്റൻ ഗ്യാസ് ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്.
അന്താരാഷ്ട്ര തലത്തിലുള്ള തർക്കങ്ങളും ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയും കാരണം വൈകിയ പാചകവാതക നീക്കം, കേന്ദ്ര സർക്കാരിന്റെ സജീവമായ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖമാണ് ഈ നിർണ്ണായക ഘട്ടത്തിൽ ഇന്ത്യയുടെ പ്രതീക്ഷാ കേന്ദ്രമാകുന്നത്. ഏകദേശം 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് വമ്പൻ ഇന്ത്യൻ ടാങ്കറുകളാണ് തീരത്തേക്ക് എത്തുന്നത്. ഇതിൽ ആദ്യത്തെ കപ്പലായ ‘ശിവാലിക്’ ഇന്ന് മുന്ദ്ര തീരത്ത് എത്തും. ഇതിന് പിന്നാലെ രണ്ടാമത്തെ കപ്പലായ ‘നന്ദാദേവി’ വരും ദിവസങ്ങളിൽ (ചൊവ്വാഴ്ചയോടെ) തീരത്തണയും. ഖത്തറിലെ പ്രശസ്തമായ റാസ് ലഫ്ഫാൻ (Ras Laffan) വ്യവസായ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ പാചകവാതകം ശേഖരിച്ചത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഈ കപ്പലുകൾ ദിവസങ്ങളോളം കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെത്തന്നെ ബാധിക്കാവുന്ന തരത്തിൽ ഈ തടസ്സം നീണ്ടുപോയെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതോടെ കാര്യങ്ങൾ അനുകൂലമായി മാറി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പലപ്പോഴും അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഭാഗമായി തടസ്സപ്പെടാറുണ്ട്. ഇത്തവണയും സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇന്ത്യക്ക് തുണയായത്. ഈ ചർച്ചയുടെ ഫലമായി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കാൻ ഇറാൻ സമ്മതിച്ചു. നിലവിൽ 22-ഓളം ഇന്ത്യൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് കാത്തുനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവ ഓരോന്നായി സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായി നടന്നുവരുന്നു. ഇനിയും കൂടുതൽ ടാങ്കറുകൾക്ക് അനുമതി ലഭിക്കുന്നതിനായി ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പാചകവാതക ഉപഭോഗം ലോകത്തെ തന്നെ മുൻനിരയിലാണ്. രാജ്യത്തെ എൽപിജി വിപണിയുടെ കണക്കുകൾ പരിശോധിച്ചാൽ നിലവിലെ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാകും. രാജ്യത്ത് നിലവിൽ 33 കോടിയിലധികം ഗാർഹിക എൽപിജി കണക്ഷനുകളുണ്ട്.ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ. ഓരോ ദിവസവും ശരാശരി 80,000 ടൺ എൽപിജി രാജ്യത്ത് ഉപയോഗിക്കുന്നു. രാജ്യത്ത് എത്തുന്ന എൽപിജിയുടെ 85 ശതമാനവും വീടുകളിലെ പാചക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ മാത്രമാണ് വ്യവസായ ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്നത്.
പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികം ഉപഭോഗമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വിതരണ ശൃംഖലയിലുണ്ടാകുന്ന ചെറിയൊരു താമസം പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ എത്തുന്ന 93,000 ടൺ എൽപിജി വലിയൊരു ആശ്വാസമാണ് നൽകുന്നത്. എൽപിജി പ്രതിസന്ധിയെച്ചൊല്ലി രാജ്യത്ത് വലിയ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. ഗ്യാസ് ക്ഷാമമുണ്ടെന്ന് കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് പരിഭ്രാന്തി പരത്താനും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജനങ്ങൾ അനാവശ്യമായി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യരുതെന്ന് കേന്ദ്രം വീണ്ടും നിർദ്ദേശിച്ചു.




0 Comments