കഴിഞ്ഞ പത്തു വര്‍ഷമായി കേരളം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ഉറച്ച ബദല്‍ വികസന മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക നിലപാടുകളും മറികടന്നാണ് നാടിന്‍റെ പുരോഗതിക്കായി നാം ഈ മുന്നേറ്റം സാധ്യമാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ വിറ്റുതുലയ്ക്കുന്ന നയമല്ല, മറിച്ച് നാടിന്‍റെ സാധാരണക്കാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന നയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റേത്. നമ്മുടെ വ്യവസായം, കൃഷി, മലയോര ജനതയുടെ സുരക്ഷ എന്നീ സുപ്രധാന മേഖലകളില്‍ ഈ സര്‍ക്കാരിന്‍റെ ഇച്ഛാശക്തി തെളിയിക്കുന്ന നിരവധി നേട്ടങ്ങള്‍ ഇക്കാലയളവിലുണ്ടായി. ഇവിടെ, കോട്ടയം ജില്ലയില്‍ എല്ലാവര്‍ക്കും അറിയാവുന്ന പൊതുമേഖല സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ്.
കേന്ദ്രസര്‍ക്കാര്‍ വില്‍പനക്കുവെച്ച ആ സ്ഥാപനം ഇന്ന് നമ്മുടെ സംസ്ഥാനത്തിന്‍റെ അഭിമാനകരമായ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
ഈ നാടിന്‍റെ വ്യവസായ പാരമ്പര്യത്തിന്‍റെ പ്രതീകം കൂടിയായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡ് അടച്ചുപൂട്ടലിന്‍റെയും സ്വകാര്യവല്‍ക്കരണത്തിന്‍റെയും വക്കില്‍ എത്തിയപ്പോള്‍, അതിനെ രക്ഷിക്കണമോ വിട്ടുകൊടുക്കണോ എന്നത് ഒരു സാമ്പത്തിക തീരുമാനം മാത്രമായിരുന്നില്ല. അത് ഒരു രാഷ്ട്രീയ നിലപാടിന്‍റെ പരീക്ഷണവുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച സ്ഥാപനത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ചു, കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന നിലയില്‍ ഇന്ന് അത് മുന്നോട്ടുപോകുന്നു. അതേപോലെ ബിഎച്ച്ഇഎല്‍ ڊ ഇ എം എല്‍ സ്ഥാപനവും കെല്‍ ڊ ഇ എം എല്‍ ആയി പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി. രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നത് പതിവായ കാലഘട്ടത്തില്‍, അവയെ സംരക്ഷിച്ച് ലാഭത്തിലേക്ക് കൊണ്ടുവരുന്ന മാതൃക കേരളം സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷം പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന്‍റെ കാലഘട്ടമായി മാറി. ഇന്ന് ആ എണ്ണം 25 ആയി ഉയര്‍ന്നു. ആകെ ലാഭം 10.79 കോടി രൂപയില്‍ നിന്ന് 2024-25ല്‍ 55.86 കോടി രൂപയായി വര്‍ധിച്ചു. മൊത്തം വിറ്റുവരവ് 5,135.89 കോടി രൂപയിലെത്തി. ഈ വളര്‍ച്ച ഒരു കണക്കു മാത്രമല്ല; പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും എടുത്ത നയപരമായ ഇടപെടലുകളുടെ ഫലമാണ്. സ്ഥാപനങ്ങളെ ആധുനികവല്‍ക്കരിക്കുകയും, വൈവിധ്യവല്‍ക്കരിക്കുകയും, പ്രൊഫഷണല്‍ നേതൃത്വത്തെ നിയമിക്കുകയും ചെയ്താണ് ഈ മാറ്റമുണ്ടാക്കിയത്.
റബ്ബര്‍ കൃഷി മേഖലയിലേക്ക് നോക്കുമ്പോള്‍, കര്‍ഷകര്‍ നേരിട്ട പ്രതിസന്ധിയുടെ വേരുകള്‍ ദേശീയ നയങ്ങളിലാണെന്ന് നിസ്സംശയം പറയാം. ആ നയങ്ങള്‍ കോണ്‍ഗ്രസ്സിന്‍റെയും ബിജെപിയുടെയുമാണ്. 2010ല്‍ പ്രാബല്യത്തില്‍ വന്ന ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇറക്കുമതിക്ക് വാതില്‍ തുറന്നു. ഇതിന്‍റെ ആഘാതം ഏറ്റവും ശക്തമായി അനുഭവിച്ചത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരാണ്. ഈ നയം കോണ്‍ഗ്രസ് നയിച്ച കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതും തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അതേ ദിശയില്‍ മുന്നോട്ടുപോയതുമാണ്. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. റബ്ബറിന്‍റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തി.
രാജ്യത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്. കൂടാതെ വെള്ളൂരില്‍ 1050 കോടി രൂപ ചെലവില്‍ കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിച്ച് റബ്ബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വ്യവസായ കേന്ദ്രം രൂപപ്പെടുത്തുകയാണ്. 164 ഏക്കറില്‍ പദ്ധതി പുരോഗമിക്കുന്നു. പ്ലാന്‍റേഷന്‍ മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ചത് ഈ സര്‍ക്കാരിന്‍റെ മറ്റൊരു ഇടപെടലാണ്.
മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലൊന്നാണ്. ജനങ്ങളുടെ ജീവനേയും ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ഇടപെടുകയാണ്. എന്നാല്‍ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം വലിയൊരു തടസ്സമായി തുടരുന്നു. സംസ്ഥാനത്തിന് സ്വതന്ത്രമായി നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നിഷേധിച്ചു. ഈ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
ഈ പരിമിതികള്‍ക്കുള്ളില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൈവിടാതെ സംസ്ഥാന സർക്കാർ മുന്നോട്ട് പോവുന്നത്. വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും വനം ഭേദഗതി ബില്ലും നിയമസഭ പാസാക്കി. മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബില്ലുകള്‍ക്ക് കേന്ദ്രതലത്തില്‍ അംഗീകാരം ലഭിക്കാതെ തടസ്സപ്പെട്ടിരിക്കുകയാണ്. അതിനിടയിലും മലയോര ജനതയ്ക്ക് ആശ്വാസം നല്‍കുന്നതിനായി നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായം 10 ലക്ഷം രൂപയില്‍ നിന്ന് 14 ലക്ഷം രൂപയായി ഉയര്‍ത്തി. പാമ്പ്, തേനീച്ച തുടങ്ങിയവയുടെ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്കും 4 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും വിവിധ നിരക്കുകളില്‍ ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്.
ബഫര്‍ സോണ്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ ജനവാസമേഖലകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. സംരക്ഷിത വനമേഖലകളുടെ ചുറ്റുമുള്ള നിര്‍ബന്ധിത ബഫര്‍ സോണില്‍ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയില്‍ അനുകൂല വിധി നേടാന്‍ കഴിഞ്ഞു. ഇത് മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായകമായ മുന്നേറ്റമാണ്.
പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിച്ച് വളര്‍ത്തിയതും, റബ്ബര്‍ കര്‍ഷകരെ ചേര്‍ത്തുപിടിച്ചതും, മലയോര ജനതയുടെ ജീവനും ജീവിതവും സംരക്ഷിക്കാന്‍ നിയമപരവും സാമ്പത്തികവുമായ ഇടപെടലുകള്‍ നടത്തിയതും ഈ സര്‍ക്കാരിന്‍റെ ജനപക്ഷ നിലപാടുകളാണ്. വികസനവും സാമൂഹ്യനീതിയും കൈകോര്‍ക്കുന്ന ഭരണ മാതൃകയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്.



0 Comments