തെരഞ്ഞെടുപ്പ്.....സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും സമാധാനപരമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ നിയമപരമായ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു സൈബര്‍ പോലീസ്. ഗ്രൂപ്പില്‍വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം. ഡീപ് ഫേക്കുകള്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു നിര്‍മിച്ച വ്യാജ വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും എതിരേ അതീവ ജാഗ്രത പുലര്‍ത്തണം. 


തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള എഐ ജനറേറ്റഡ് എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഗ്രൂപ്പില്‍നിന്ന് ഉടനടി നീക്കം ചെയ്യണം. വിദ്വേഷ പരാമര്‍ശങ്ങള്‍, ജാതി, മതം, വര്‍ഗം, കമ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അനുവദിക്കരുത്. വോട്ടെടുപ്പു തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജവാര്‍ത്തകള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കാന്‍ അനുവദിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന സൈലന്‍സ് പീരിയഡില്‍ യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളും ഗ്രൂപ്പില്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. 


 ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്‍മാര്‍ നേരിട്ട് ഉത്തരവാദികള്‍ ആയിരിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിനു പ്രേരണ നല്‍കുക, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അഡ്മിന്‍ കൂട്ടുനില്‍ക്കുകയോ ഒരേലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യുക, ഐടി ആക്ട് അല്ലെങ്കില്‍ ബിഎന്‍എസ് പ്രകാരം പോലീസ് നല്‍കുന്ന നോട്ടീസുകളോടു സഹകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും. ഗ്രൂപ്പില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാലോ, മോഡറേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടാലോ ഗ്രൂപ്പ് സെറ്റിംഗ്സ് ഒണ്‍ലി അഡ്മിന്‍സ് കാന്‍ സെന്റ് മെസേജ് എന്നതിലേക്ക് മാറ്റണം. ഡിജിറ്റല്‍ ഇടങ്ങളിലെ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലോ 112 എന്ന എമര്‍ജന്‍സി നമ്പരിലോ റിപ്പോര്‍ട്ട് ചെയ്യണം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments