ഈസ്റ്റർ പെസഹാ ദിവസങ്ങളിലെ പരീക്ഷകൾ: ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം എന്ന് തെളിഞ്ഞു; കേന്ദ്രത്തിന്റെത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; മാണി സി കാപ്പൻ
ഈസ്റ്റർ, പെസഹ ദിനങ്ങളിൽ എൻജിനീയറിങ് പരീക്ഷകൾ നിശ്ചയിച്ച സംഭവത്തിൽ ബിജെപി ക്കും കേന്ദ്രസർക്കാരിനും എതിരെ രൂക്ഷ വിമർശനങ്ങളുമായി മാണി സി കാപ്പൻ. ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യമാണെന്ന് ഇതോടുകൂടി ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിൻറെ ഈ നിലപാട് മതസ്വാതന്ത്ര്യത്തിനും, ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റം ആണെന്നും അദ്ദേഹം ആരോപിച്ചു. കാവിവൽക്കരണമാണ് ബിജെപിയുടെ ആത്യന്തിക അജണ്ട എന്നും അതിനായി ചിലർ സംഘപരിവാറിന്റെ ചട്ടുകങ്ങളായി പാലായുടെ മണ്ണിലേക്ക് കടന്നു കയറുവാൻ നടത്തുന്ന ശ്രമങ്ങൾക്ക് ജനം വോട്ടുകൊണ്ട് മറുപടി പറയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമൂഹത്തിന് നിസ്വാർത്ഥ സേവനം ലഭ്യമാക്കുന്ന ക്രൈസ്തവ മിഷനറി സന്യസ്തരെ ജയിലിൽ അടയ്ക്കുവാൻ നിയമനിർമാണങ്ങൾ നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ വക്താക്കൾ വെല്ലുവിളിക്കുന്നത് ഇന്ത്യൻ ഭരണഘടനെയെയാണ്. അവരുടെ ലക്ഷ്യം താൽക്കാലികമായ രാഷ്ട്രീയ ലാഭമാണ്. അതിനുവേണ്ടി അവർ ക്രൈസ്തവ സമൂഹത്തെ വോട്ടുബാങ്ക് എന്ന നിലയിൽ ഉപയോഗിച്ച ശേഷം നിഷ്കരുണം തള്ളിക്കളയുന്ന പ്രവണതയ്ക്ക് അറുതി വരുത്തുവാൻ ഉള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുത്തുകഴിഞ്ഞു എന്നും കാപ്പൻ വ്യക്തമാക്കി.
ബിജെപിയുടെ നയങ്ങൾ കേരളത്തിൽ നടപ്പാക്കാനുള്ള ഏജൻസിയായി സിപിഎമ്മും ഇടതുമുന്നണിയും മാറിയെന്നും കാപ്പൻ ആരോപിച്ചു. പാലായിൽ ഉൾപ്പെടെ നടക്കുന്നത് സിപിഎം ബിജെപി ഡീലിന്റെ രാഷ്ട്രീയമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിൽ സംരക്ഷണം ഒരുക്കുന്ന സിപിഎമ്മും ബിജെപിയെ പോലെ തന്നെ അപകടകരമായ ഒരു രാഷ്ട്രീയ പ്രവണതയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ അധപതനം ഉണ്ടാക്കിയത് പിണറായി വിജയൻറെ നേതൃത്വം ആണെന്നും കാപ്പൻ കുറ്റപ്പെടുത്തി.



0 Comments