കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇന്നലെ വൈകുന്നേരമുണ്ടായ ഗുരുതരമായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 6.15-ഓടെ കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയും തുടര്‍ന്ന് രണ്ട് വാഹനങ്ങളും 35 അടി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
തൊടുപുഴ-പാലാ റോഡിലെ സ്ഥിരം അപകടമേഖലയായ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ എംജി സര്‍വകലാശാല ജീവനക്കാരടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇ.കെ. സജീവ് (54) എം.ജി സര്‍വകലാശാല ഇലവുംതടത്തില്‍, കോലാനി, ഡെപ്യൂട്ടി രജിസ്ട്രാര്‍ ജിന്‍സണ്‍ (53), എം.ജി സര്‍വകലാശാല തുരുത്തിപ്പള്ളില്‍ അമയപ്ര, സര്‍വകലാശാല ജീവനക്കാരി സിമി (32) ഏഴല്ലൂര്‍ സ്വദേശിനി, സര്‍വകലാശാല ജീവനക്കാരി ബിഞ്ചുമോള്‍ തോമസ് (29) ചിത്തിരപുരം സ്വദേശിനി. ലോറി ഡ്രൈവര്‍ ജയകുമാര്‍ തമിഴ്‌നാട് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.. പരിക്കേറ്റ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നെല്ലാപ്പാറ കുരിശുപള്ളി വളവ് ഇപ്പോള്‍ സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ഇവിടെ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. അന്ന് തകര്‍ന്ന ക്രാഷ് ബാരിയറുകള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഒരു പ്ലാസ്റ്റിക് റിബണ്‍ കെട്ടി തിരിച്ചതല്ലാതെ മറ്റ് സുരക്ഷാ ക്രമീകരണങ്ങളൊന്നും അധികൃതര്‍ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ അനാസ്ഥയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.



0 Comments