തൃശ്ശൂർ ഒല്ലൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രിസ്റ്റഫർ നഗർ പുത്തൂർ സ്വദേശിനിയായ സൗമ്യ (40)യാണ് കൊല്ലപ്പെട്ടത്. യുവതി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരു ന്നുവെന്നാണ് റിപ്പോർട്ട്.
അയൽവാസിയായ അപ്പാടൻ തോമസ് (64) ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. ഇയാൾ ഇടയ്ക്കിടെ സൗമ്യയെ പിന്തുടർന്ന് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
“ഭർത്താവില്ലാത്ത നിന്നെ പലരോടുമൊപ്പം കണ്ടിട്ടുണ്ട്”, “ആൺസുഹൃത്തിനൊപ്പം കണ്ടല്ലോ” തുടങ്ങിയ അപമാനകരമായ പരാമർശങ്ങളിലൂടെ ഇയാൾ സൗമ്യയെ നിരന്തരം ചോദ്യം ചെയ്തിരുന്നു എന്നാണ് വിവരം.
ഇതിനെ തുടർന്നു ഇരുവരും തമ്മിൽ പലതവണ വാക്കേറ്റങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ തോമസിനെതിരെ സൗമ്യയുടെ മകൻ നൽകിയ പോക്സോ കേസ് നിലവിലുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ ശക്തമായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ദാരുണ സംഭവം.
ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ വീട്ടിലെ നായ റോഡിലേക്ക് ഇറങ്ങിയതിനെ തുടർന്ന് സൗമ്യ അതിന്റെ പിന്നാലെ പോയപ്പോൾ, കത്തി കൈയിൽ പിടിച്ച് പിന്നാലെയെത്തിയ തോമസ് ആക്രമണം നടത്തുകയായിരുന്നു.
ഗുരുതരമായി കുത്തേറ്റ സൗമ്യ ഏകദേശം അരമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതിയെ പൊലീസ് തിരച്ചിലിനിടെ കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ഇയാളെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് കസ്റ്റഡിയിലെടുത്തു.



0 Comments