വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി - മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരിയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സീറോ മലബാര്‍ സഭയുടെ സമുദായ ശാക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി രാമപുരത്ത് നടത്തിയ സാമൂദായിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ 227-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കല്‍ തോമാക്കത്തനാരുടെയും കബറിടങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങി. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ദീപശിഖ കൈമാറിയത്. സഭയ്ക്കും നാടിനും നല്‍കിയ അവരുടെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചാണ് ദീപശിഖായാത്ര സംഘടിപ്പിച്ചത്.
സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ശാന്തമായും ഉറച്ച നിലപാടുകളോടെയും പ്രവര്‍ത്തിച്ച മഹാനായിരുന്നു കുഞ്ഞച്ചന്‍ എന്ന് അദ്ദേഹം പറഞ്ഞു. രാമപുരം പ്രദേശം സഭയുടെ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കേന്ദ്രമാണെന്നും വിവിധ മതസ്ഥരുടെ സഹകരണവും സൗഹൃദവും ഈ നാടിന്റെ പ്രത്യേകതയാണെന്നും ബിഷപ്പ് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ സമര്‍ത്ഥരായ പല യുവാക്കളും ചെറിയ വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിലേക്ക് പോയി ചെറിയ ജോലികള്‍ ചെയ്യുന്നതിനാല്‍ അവരുടെ ബൗദ്ധികവും ആത്മീയവുമായ കഴിവുകള്‍ നഷ്ടപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയ്ക്കും പള്ളികള്‍ക്കായി പതിറ്റാണ്ടുകളോളം അധ്വാനിച്ച കാപ്യരച്ചന്മാരുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും, അവരുടെ ചിത്രങ്ങള്‍ സങ്കീര്‍ത്തിയില്‍ സ്ഥാപിക്കാന്‍ വൈദികര്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. രാമപുരം ഫൊറോനാപ്പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പാലാ രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോസഫ് വെള്ളമരുതുങ്കല്‍, ഡി.സി.എം.എസ്. പാലാ രൂപത പ്രസിഡന്റ് ബിനോയി ജോണ്‍ അമ്പലംകട്ടയില്‍, മാതൃവേദി പാലാ രൂപത പ്രസിഡന്റ് ഷേര്‍ലി ചെറിയാന്‍ മണ്ടപത്തിപറമ്പില്‍, പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രാമപുരം സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീബ ബിനോയി പള്ളിപ്പറമ്പില്‍, രാമപുരം ഫൊറോന പള്ളി കൈക്കാരന്‍ സജി മിറ്റത്താനി എന്നിവര്‍ പ്രസംഗിച്ചു.




0 Comments