സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം.
വണ്ണപ്പുറം – ചേലച്ചുവട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചിന്നൂസ്’, ‘കോട്ട’ എന്നീ ബസുകളിലെ ജീവനക്കാരാണ് തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്ക് 2.30-ഓടെ തൊടുപുഴ സ്റ്റാന്‍ഡിലെത്തിയ കോട്ട ബസിലേക്ക് ചിന്നൂസ് ബസിലെ ജീവനക്കാര്‍ കയറി ബഹളമുണ്ടാക്കുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
സര്‍വീസിനിടെ വെണ്മണിയില്‍ വെച്ച് ആരംഭിച്ച തര്‍ക്കമാണ് സ്റ്റാന്‍ഡിലും തുടര്‍ന്നത്. യാത്രക്കാരായ സ്ത്രീകളും കുട്ടികളും നോക്കിനില്‍ക്കെയായിരുന്നു ജീവനക്കാരുടെ അസഭ്യവര്‍ഷവും മോശം പെരുമാറ്റവും. തുടര്‍ന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ഇടപെട്ട് രണ്ട് ബസുകളും സ്റ്റേഷനിലേക്ക് മാറ്റി.
വണ്ണപ്പുറം – ചേലച്ചുവട് റൂട്ടില്‍ ബസുകള്‍ സമയക്രമം പാലിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനക്കാരുടെ ഇത്തരം പെരുമാറ്റം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ ബസുകളുടെ സമയക്രമം ഉറപ്പാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.



0 Comments