ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ തന്റെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തി നേപ്പാളിന്റെ ഇതിഹാസ പര്‍വ്വതാരോഹകന്‍ കാമി റിത ഷെര്‍പ്പ ചരിത്രം കുറിച്ചു. ഞായറാഴ്ച രാവിലെ 10:12-ഓടെ 56 കാരനായ കാമി റിത 32-ാം തവണയും 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിലെത്തിയതായി നേപ്പാള്‍ ടൂറിസം വകുപ്പ് സ്ഥിരീകരിച്ചു. 14 പീക്‌സ് എക്‌സ്‌പെഡിഷന്‍' എന്ന പര്‍വ്വതാരോഹക സംഘത്തെ നയിച്ചാണ് അദ്ദേഹം ഇത്തവണ എവറസ്റ്റ് കീഴടക്കിയത്. നേപ്പാളിന്റെ പര്‍വ്വതാരോഹക മേഖലയ്ക്കും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ സംഭാവനയാണ് കാമി റിത നല്‍കിയിരിക്കുന്നതെന്ന് ടൂറിസം വകുപ്പ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
1970 ജനുവരിയില്‍ കോശി പ്രവിശ്യയിലെ സോളുഖുംബു ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച കാമി റിത, 1992-ലാണ് പ്രൊഫഷണല്‍ പര്‍വ്വതാരോഹകനായി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1994-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ എവറസ്റ്റ് ദൗത്യം. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം (2025) മെയ് 27-നാണ് അദ്ദേഹം തന്റെ 31-ാമത് എവറസ്റ്റ് കയറ്റം പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച എവറസ്റ്റ് കൊടുമുടിയില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി കുറിക്കപ്പെട്ടു. 'പര്‍വ്വത രാജ്ഞി' എന്നറിയപ്പെടുന്ന ലക്പ ഷെര്‍പ്പ എവറസ്റ്റ് കീഴടക്കുന്ന ആദ്യ നേപ്പാളി വനിതയാണ്. ഞായറാഴ്ച രാവിലെ 9:30-ഓടെ എവറസ്റ്റിന്റെ മുകളിലെത്തിയ അവര്‍, 11-ാം തവണയും വിജയകരമായി കൊടുമുടി കീഴടക്കി തന്റെ പേരിലുള്ള ലോക റെക്കോര്‍ഡ് കൂടുതല്‍ ശക്തമാക്കി.


0 Comments