48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഇനി 32 ടീമുകൾ. കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ. ലോകകപ്പിലെ നോക്കൗട്ട് ചിത്രങ്ങൾ തെളിയുമ്പോൾ തീപ്പാറുന്ന പോരാട്ടങ്ങളാണ് വരാനിരിക്കുന്നത് എന്നു കാണാം. ഗ്രൂപ്പ് ജെ യിലെ മത്സരങ്ങൾ കഴിഞ്ഞതോടെ നോക്കൗട്ടിലേക്കുള്ള 32 ടീമുകളുടെയും എതിരാളികൾ ആരെന്ന് തീരുമാനമായി.
സഹ ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ്, അർജന്റീന ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, മൊറോക്കോ, യുഎസ്എ, നെതർലൻഡ്സ്, ജപ്പാൻ, ബെൽജിയം, സ്പെയിൻ, കാബോ വെർദെ, കൊളംബിയ, പോർച്ചുഗൽ, ഇംഗ്ലണ്ട് ടീമുകൾ സമനില വഴങ്ങിയെങ്കിലും തോൽവിയറിയാ തെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.
നോക്കൗട്ടിൽ മുൻ ചാംപ്യന്മാരായ ബ്രസീലിനെ ഏഷ്യൻ ശക്തികളായ ജപ്പാൻ നേരിടുന്നതും പോർച്ചുഗൽ- ക്രൊയേഷ്യ പോരാട്ടവും കാണേണ്ട മത്സരങ്ങളാണ്. നാളെ രാത്രി 10. 30 നാണ് ജപ്പാൻ- ബ്രസീൽ മത്സരം.
ആദ്യ കളിയിൽ മൊറോക്കോയോട് അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും പിന്നീട് സെലക്കാവോകൾ മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടത്. മികച്ച ഫോമിലാണ് ജപ്പാൻ കളിക്കുന്നത് എന്നതാണ് ഈ പോരിനെ ശ്രദ്ധേയമാക്കുന്നത്. കടുത്ത പരീക്ഷണമാണ് മുൻ ചാംപ്യൻമാരെ കാത്തിരിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ നെതർലാൻഡ്സിനെ സമനിലയിൽ ജപ്പാൻ തളച്ചിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രണ്ട് ടീമുകൾ തമ്മിലുള്ള പോര് മിസ് ചെയ്യരുത് എന്നു സാരം
ജർമനിക്ക് എതിരാളികൾ പരാഗ്വെ ആണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ് ജർമൻ ക്യാമ്പ്. എന്നാൽ ക്യുറസാവിനോടും ഐവറി കോസ്റ്റിനോടും മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസവും മുൻ ലോക ചാംപ്യന്മാർക്കുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെന്ന നാണക്കേട് കൂടിയാണ് കിമ്മിച്ചും സംഘവും ഇത്തവണ തീർത്തത്.
നോക്കൗട്ടിലെ മറ്റൊരു ഗ്ലാമർ പോരാട്ടമാണ് നെതർലാൻഡ്‌സും മൊറോക്കയും തമ്മിലുള്ളത്. ബ്രയാൻ ബ്രോബിയുടെയും ഗാക്പോയുടെയും മിന്നും പ്രകടനത്തിൽ ഗ്രൂപ്പ് ഘട്ടം കടന്ന നെതർലാൻഡ്സിനെ സംബന്ധിച്ച് മൊറോക്കോ മികച്ച എതിരാളികൾ തന്നെയാണ്. കാനറികൾ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ. ക്യാപ്റ്റൻ ഏഷ്റഫ് ഹക്കീമിയുടെയും ഇസ്മയിൽ സയ്ബാരിയുടെയും മിന്നുന്ന ഫോമാണ് അവരെ കൂടുതൽ അപകടകാരികളാക്കുന്നത്.
പോർച്ചുഗൽ- ക്രൊയേഷ്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത പോർച്ചുഗലിന് എതിരാളികൾ ക്രൊയേഷ്യയാണ്. നോക്കൗട്ടിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കുന്ന ഒരു മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൊളംബിയയോട് സമനില വഴങ്ങിയതിന് പിന്നാലെയാണ് പോർച്ചുഗലിന് എതിരാളികളായി ക്രൊയേഷ്യയെ കിട്ടിയത്.
ഭാവനാശൂന്യമായ ഒരു പോർച്ചുഗലിനെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിൽ കാണാൻ കഴിഞ്ഞത്. എന്തിനോ വേണ്ടി ഉഴറി നടക്കുന്ന ലക്ഷ്യബോധം തൊട്ടുതീണ്ടാത്ത ഒരു സംഘമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും പടയും മൈതാനത്ത് അലയുന്ന കാഴ്ച ദയനീയമാണ്. സ്ഥിരതയില്ലാത്ത പ്രകടനം. മികച്ച താരങ്ങളുള്ള മധ്യനിരയും മുന്നേറ്റനിരയും ഫോമിലേക്ക് ഉയരാത്തത് പോർച്ചുഗലിനു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
അതേസമയം ഇംഗ്ലണ്ടും ഘാനയും അടങ്ങുന്ന മരണ ഗ്രൂപ്പിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയാണ് ക്രൊയേഷ്യ എത്തുന്നത്. പ്രായം തളർത്തിയെങ്കിലും മധ്യനിരയിൽ ഇപ്പോഴും വിസ്‌മയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ലൂക്ക മോഡ്രിച് തന്നെയാണ് ക്രൊയേഷ്യയുടെ ആയുധം. കൂടാതെ ഗോൾ കീപ്പർ ലിവാക്കോവിച്ചിന്റെയും ക്രമാറിചിന്റെയും പെരിസിചിന്റെയും പ്രകടനവും അവർക്ക് നിലവിൽ തുണയായി നിൽക്കുന്നു.
റൗണ്ട് ഓഫ് 32 പോരാട്ടങ്ങള്‍, ഇന്ത്യന്‍ സമയം ദക്ഷിണാഫ്രിക്ക- കാനഡ: ജൂണ്‍ 28 (ഇന്ന്), രാത്രി 12.30 ബ്രസീല്‍- ജപ്പാന്‍: ജൂണ്‍ 29, രാത്രി 10.30 ജര്‍മനി- പരാഗ്വെ: ജൂണ്‍ 30, പുലര്‍ച്ചെ 2.00 നെതര്‍ലന്‍ഡ്‌സ്- മൊറോക്കോ: ജൂണ്‍ 30, രാവിലെ 6.30 ഐവറി കോസ്റ്റ്- നോര്‍വെ: ജൂണ്‍ 30, രാത്രി 10.30 ഫ്രാന്‍സ്- സ്വീഡന്‍: ജൂലൈ 1, പുലര്‍ച്ചെ 2.30 മെക്‌സിക്കോ- ഇക്വഡോര്‍: ജൂലൈ 1, രാവിലെ 6.30
ഇംഗ്ലണ്ട്- കോംഗോ: ജൂലൈ 1, രാത്രി 9.30 ബെല്‍ജിയം- സെനഗല്‍: ജൂലൈ 2, പുലര്‍ച്ചെ 1.30 യുഎസ്എ- ബോസ്‌നിയ ഹെര്‍സഗോവിന: ജൂലൈ 2, പുലര്‍ച്ചെ 5.30 സ്‌പെയിന്‍- ഓസ്ട്രിയ: ജൂലൈ 2, രാത്രി 12.30 പോര്‍ച്ചുഗല്‍- ക്രൊയേഷ്യ: ജൂലൈ 3, പുലര്‍ച്ചെ 4.30 സ്വിറ്റ്‌സര്‍ലന്‍ഡ്- അള്‍ജീരിയ: ജൂലൈ 3, രാവിലെ 8.30 ഓസ്‌ട്രേലിയ- ഈജിപ്ത്: ജൂലൈ 3, രാത്രി 11.30
അര്‍ജന്റീന- കാബോ വെര്‍ദെ: ജൂലൈ 4, പലര്‍ച്ചെ 3.30 കൊളംബിയ- ഘാന: ജൂലൈ 4, രാവിലെ 7.00
70 12 23 03 34
.jpg)


0 Comments