എറണാകുളം–പാലാ ബൈപാസ് ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി വികസിപ്പിക്കണം: അഡ്വ. ഷോൺ ജോർജ്
എറണാകുളം–പാലാ ബൈപാസിന് സാധ്യതാ പഠനത്തിനായി തുക അനുവദിക്കുമെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. എന്നാൽ, ഈ പദ്ധതിയുടെ കാര്യത്തിൽ ഇനി ആവശ്യം സാധ്യതാ പഠനമല്ല, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം–പാലാ ബൈപാസിനെ ഒരു പ്രാദേശിക റോഡ് പദ്ധതിയായി മാത്രം കാണാതെ ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി സർക്കാർ പരിഗണിക്കണം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ൽ നിന്ന് ശബരിമലയിലേക്കുള്ള ഏറ്റവും സുഗമവും കാര്യക്ഷമവുമായ കണക്റ്റിവിറ്റി പാലാ വഴിയാക്കി വികസിപ്പിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി സമഗ്രമായ സാധ്യതാ പഠനം നടത്തി, അതിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ച് ദേശീയപാത പദ്ധതിയുടെ ഭാഗമായി എറണാകുളം–പാലാ ബൈപാസ് വികസിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. ശബരിമലയിലേക്കുള്ള തീർത്ഥാടന ഗതാഗതത്തിനും മധ്യകേരളത്തിന്റെ സാമ്പത്തിക വികസനത്തിനും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീറും അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
70 12 23 03 34
.jpg)


0 Comments