കുവൈത്തിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി സ്വദേശി ശങ്കർ ധനപാൽ (40) ആണ് വെള്ളിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ നാട്ടുകാരനും സുഹൃത്തുമായ പ്രതിയെ ജിലീബ് കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) ഉടനടി അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ശങ്കറും പ്രതിയും മറ്റു സുഹൃത്തുക്കളും ചേർന്ന് ജിലീബിലെ താമസസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കമുണ്ടായത്. വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഇതിനിടെ റൂമിലെ മറ്റൊരു താമസക്കാരന് നേരെയും പ്രതി ആക്രമണം നടത്തിയെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ച് ചോദ്യം ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. മരണപ്പെട്ട ശങ്കർ ധനപാലിന്റെ അച്ഛൻ: ധനപാൽ, അമ്മ: സുമതി, ഭാര്യ: മഹേശ്വരി.
70 12 23 03 34
.jpg)


0 Comments