പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം... ജനം ഭയന്നുവിറയ്ക്കും... ഇടപെടാതെ പൊലീസ്


സുനില്‍ പാലാ


പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം, ഇടപെടാതെ പൊലീസ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൈ്വര്യമായി ബസ് കാത്തുനില്‍ക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥ. വ്യാപാരികള്‍ക്കും നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് ടൗണ്‍ ബസ് സ്റ്റാന്റില്‍ സ്ഥിരമായി തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധര്‍.

ഇന്നലെ രാവിലെ 11 മണിയോടെ പഴയ ബസ് സ്റ്റാന്റിലെ ടൈം കീപ്പിംഗ് യൂണിറ്റിന് സമീപമുള്ള കമ്പയില്‍ ഇരുപ്പുറപ്പിച്ച സാമൂഹ്യവിരുദ്ധര്‍ മദ്യപിച്ച ശേഷം പരസ്പരം വഴക്കടിക്കുകയും ചില്ലുഗ്ലാസ് എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മോഷണകേസിലും അടിപിടി കേസിലും സ്ഥിരമായി ഉള്‍പ്പെടുന്ന സംഘമാണിപ്പോള്‍ ബസ് സ്റ്റാന്റ് കൈയ്യടക്കിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇവരുടെ പരസ്പരമുള്ള ആക്രോശവും അസഭ്യം വിളികളും ബഹളങ്ങളും കാണുന്നവര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു; ഈ കുട്ടികള്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളാണ്.

തിരഞ്ഞെടുപ്പ് സമയം മുതല്‍ ഇങ്ങോട്ടുള്ള ദിവസങ്ങളില്‍ ടൗണ്‍ ബസ് സ്റ്റാന്റില്‍ സാമൂഹ്യവിരുദ്ധര്‍ പിടി മുറുക്കിയിരിക്കുകയാണ്. ബഹളങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ പാലാ പൊലീസില്‍ വിവരമറിയിക്കുന്നുണ്ടെങ്കിലും സമയത്ത് പൊലീസ് സ്ഥലത്ത് എത്താറേയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സ്റ്റാന്റില്‍ പൊലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും ഇത് സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്. ഈ എയ്ഡ് പോസ്റ്റില്‍ പൊലീസ് കയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു.

ബസ് സ്റ്റാന്റിലെ സാമൂഹ്യവിരുദ്ധ ശല്യം സ്ത്രീകള്‍ക്കാണ് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്. യാദൃശ്ചികമായി പൊലീസ് അതുവഴി വന്നാല്‍ സ്റ്റാന്റിനോട് ചേര്‍ന്ന് തിയേറ്ററിലേക്കുള്ള ഇടവഴിയിലേക്ക് സാമൂഹ്യവിരുദ്ധര്‍ വലിയും. ഒറ്റ നോട്ടത്തില്‍ പൊലീസിന് ഇവരെ കാണാനും കഴിയില്ല.



ടൗണ്‍ ബസ് സ്റ്റാന്റിലെ സാമൂഹ്യവിരുദ്ധരെ എത്രയും വേഗം പിടികൂടണം


ടൗണ്‍ ബസ് സ്റ്റാന്റിലെ സാമൂഹ്യവിരുദ്ധരെ എത്രയുംവേഗം പിടികൂടി നിയമനടപടി സ്വീകരിക്കണം. വ്യാപാരികളുടെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണം.
 - അഡ്വ. സന്തോഷ് മണര്‍കാട്, പാലാ ജനകീയ സമിതി പ്രസിഡന്റ്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments