രക്തദാനം മഹാദാനം...ചോരകൊണ്ട് ജീവന്‍ കൊടുത്ത് ഷിബു തെക്കേമറ്റം, ജീവരക്തത്തിന്റെ കാവല്‍ക്കാരനായി മൂന്നുപതിറ്റാണ്ട്.





സുനില്‍ പാലാ


ചെഞ്ചോരകളാല്‍ ചരിത്രമെഴുതിയ ഒട്ടേറെ മഹാരഥന്‍മാരുള്ള നാടാണിത്. സമൂഹത്തിനും സര്‍വ്വജീവജാലങ്ങള്‍ക്കുംവേണ്ടി തണലൊരുക്കി നിന്ന് രക്തസാക്ഷിത്വം വരിച്ചവരുടെ നാള്‍വഴി പട്ടിക നീളുമ്പോള്‍ സ്വന്തം ചോര നുറുകണക്കിന് ആളുകള്‍ക്ക് കൊടുത്ത് ജീവകാരുണ്യ വഴികളില്‍ വ്യത്യസ്തനാവുകയാണ് കോട്ടയം ജില്ലയിലെ പാലാ കൊഴുവനാലുള്ള ഷിബു തെക്കേമറ്റം.

മനുഷ്യജീവന് അത്യന്താപേക്ഷിതമായ രക്തം സഹജീവികള്‍ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അപകടങ്ങളില്‍പെട്ടും മാരകമായ അസുഖങ്ങള്‍ ബാധിച്ചും മറ്റും ചികിത്സയില്‍ കഴിയുന്ന ബന്ധുജനങ്ങള്‍ക്കോ, സുഹൃത്തുകള്‍ക്കോ, അയല്‍വാസികള്‍ക്കോ ജീവന്‍ നിലനിര്‍ത്തുന്നതിന് രക്തത്തിനായി നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നവരാണ് നമ്മളില്‍ പലരും. കോളേജ്തലം മുതല്‍ സാമുദായിക തലത്തില്‍വരെ ഇന്ന് രക്തം നല്‍കുന്നവരുടെ പട്ടിക തയ്യാറാണ്. 
 
 
രക്തദാനം മഹാദാനം എന്ന സന്ദേശം ഉള്‍ക്കൊണ്ട് നിരവധി രക്തദാതാക്കള്‍ ജില്ലയിലുടനീളം രംഗത്തെത്തിക്കഴിഞ്ഞു. ഈ വിപ്ലവകരമായ മാറ്റത്തിലേക്ക് തുടക്കംകുറിച്ച സംഭാവനകള്‍ ഷിബു തെക്കേമറ്റത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.

1988 ല്‍ തന്റെ അദ്ധ്യാപികയ്ക്ക് സ്വന്തം രക്തം നല്‍കി രക്തദാനരംഗത്തേക്കു വന്ന ഷിബു മുപ്പത്തിയെട്ട് വര്‍ഷമായി രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുകയും ഇതിനോടകം നൂറ്റിമുപ്പത്തിയഞ്ച് തവണ സ്വന്തമായി രക്തം നല്‍കുകയും ആയിരക്കണക്കിന് രോഗികള്‍ക്ക് മറ്റുള്ളവരെകൊണ്ട് രക്തം കൊടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

രക്തദാനം എന്ന മഹാദാനം ജീവദാനമായി കരുതുന്ന ഷിബു തെക്കേമറ്റം സ്വന്തം ജീവരക്തം നല്‍കി ഏവര്‍ക്കും മാതൃകയും പ്രചോദനവുമാവുകയാണ്.

സമര്‍ത്ഥനായ സംഘാടകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷിബു തെക്കേമറ്റത്തിന്  ഐഎംഎയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്, ജേസീസിന്റെ ഗ്രേറ്റ് ഹാര്‍ട്ട് അവാര്‍ഡ് തുടങ്ങി നിരവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്‌കാരവും ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ സര്‍വ്വീസ് എക്‌സലന്റ്‌സ് അവാര്‍ഡും ലഭിച്ച ഷിബുവിന് സംസ്ഥാന ആരോഗ്യവകുപ്പും സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി നല്‍കുന്ന കേരളത്തിലെ മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018ലെയും അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഷിബു രക്തദാന രംഗത്തേക്ക് കടന്നു വന്നത് തന്റെ അധ്യാപികയായിരുന്ന ഒരു കന്യാസ്ത്രീക്ക് ജീവരക്തം നല്‍കിയാണ് അവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ഏറെ സന്തോഷം നിറഞ്ഞനിമിഷങ്ങളായിരുന്നു. തന്റെ ജീവരക്തം സ്വീകരിച്ചവര്‍ ചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണുന്നതാണ് തന്നെ രക്തദാനത്തിന് പ്രേരിപ്പിക്കുന്ന കാരണമെന്ന് ഷിബു പറഞ്ഞു.

മൂന്നുപതിറ്റാണ്ട് മുമ്പ് രക്തദാനം എന്ന മഹാ ആശയം ഷിബുവിന്റെ മനസില്‍ ശക്തമായി. കൊഴുവനാലുള്ള സുഹൃത്തുക്കളും പരിചയക്കരുമായി ആശയം പങ്കുവെച്ചു. എല്ലാവരും പിന്തുണച്ചതോടെ കൊഴുവനാല്‍ രക്തദാന സേന രൂപം കൊണ്ടു. കെ.എം. ജോര്‍ജ് സ്മാരക ആര്‍ട്സ് ക്ലബാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സേനയെക്കുറിച്ച് കേട്ടറിഞ്ഞ് ആവശ്യക്കാര്‍ നിരവധിയാണ് എത്തിയത്. പിന്നീടങ്ങോട്ട് നിലയ്ക്കാത്ത ഫോണ്‍ വിളികളുടേയും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും നാളുകളായിരുന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംഘടനകളും കര്‍ഷകരും വ്യാപാരികളും ഡ്രൈവര്‍മാരുമെല്ലാം അംഗങ്ങളായി. ക്രമേണ ജനങ്ങളില്‍ രക്തദാനത്തെക്കുറിച്ച് അന്നുവരെ മനസിലുണ്ടായിരുന്ന തെറ്റിധാരണകള്‍ നീങ്ങിത്തുടങ്ങി. സേനയുടെ നേതൃത്വത്തിലുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായമായി. ഇതിന് ഫലം കണ്ടുതുടങ്ങിയതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെ രക്തദാന രംഗത്തേക്ക് എത്തിത്തുടങ്ങി. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിന്റെ ചിലവില്‍ വേണ്ട ഗ്രൂപ്പിലുള്ള രക്തം ലഭ്യമാക്കി നല്‍കുന്ന തരത്തില്‍ സേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഷിബുവിന്റെ നേതൃത്വത്തിനായി.

കൊഴുവന്നാലില്‍ ആരംഭിച്ച രക്തദാനസേന ഇന്ന് പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ വിപുലീകരിച്ചു. കോട്ടയം ജില്ലയിലെ 32 ഓളം സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ് പാലാ ബ്ലഡ് ഫോറം ആരംഭിച്ചത്. ഷിബു തെക്കേമറ്റമാണ് ഫോറത്തിന്റെ ജനറല്‍ കണ്‍വീനര്‍. പാലാ ഡി വൈ എസ് പി ആണ് ചെയര്‍മാന്‍. നിലവിലുള്ള രക്തശ്രോതസുകളെ ഏകോപിപ്പിച്ച് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാതാക്കളുടെ കരുത്തുറ്റ ശൃഖല സാധ്യമാക്കിയിട്ടുണ്ട്.
 
ജനമൈതി പോലീസ്, ജില്ലാ സന്നദ്ധ രക്തദാനസമിതി, ജില്ലാ ആരോഗ്യവകുപ്പ്, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, മത സംഘടനകള്‍, വിദ്യാഭ്യാസ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവരുമായെല്ലാം ബന്ധപ്പെട്ടും ഏകോപിപ്പിച്ചുമാണ് ജില്ലയിലെന്നല്ല കേരളത്തിലെ തന്നെ മികച്ച രക്തദാന സംഘടനകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം. കേരളത്തിലാദ്യമായി രക്തദാനരംഗത്ത് 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ ആരംഭിക്കുവാന്‍ നേതൃത്വം കൊടുത്തത് ഷിബു തെക്കെമറ്റമാണ്.

പരേതനായ റ്റി.റ്റി തോമസിന്റെയും തെയ്യാമ്മയുടേയും മകനായി പാലായ്ക്കടുത്തുള്ള നാട്ടിന്‍ പുറമായ കൊഴുവനാല്‍ തെക്കേമറ്റം കുടുംബത്തിലാണ് ഷിബു തെക്കെമറ്റത്തിന്റെ ജനനം.  ഭാര്യ റെനി, മകന്‍ എമില്‍ ടോം ഷിബു, മകള്‍ എലേന സൂസന്‍ ഷിബു, മരുമകള്‍ ഡോ. മെറിന്‍ എമില്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments