24 മണിക്കൂർ ക്രൂരപീഡനം; മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്ക്.....സാവരിയയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.



 ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. മരണത്തിന് മുമ്പ് ഏകദേശം 24 മണിക്കൂറോളം സാവരിയ ക്രൂരമായ മർദനത്തിനും പീഡനത്തിനും ഇരയായിരുന്നെന്നാണ് പൊലീസ് വിലയിരുത്തൽ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.


 മൂർച്ചയില്ലാത്ത ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനവും ചവിട്ടുമേറ്റതിന്റെ ചതവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മരണത്തിന് മുൻപുള്ള ഒരു ദിവസത്തിനിടെ ഉണ്ടായ പരുക്കുകളാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാവരിയയെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരിക്കാം ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ദീർഘസമയം നീണ്ട പീഡനത്തിനിടെ രക്ഷപ്പെടാൻ കഴിയാതിരുന്നതിന് ഇതാകാം കാരണമെന്നും ഹരിപ്പാട് എസ്.എച്ച്.ഒ വി. ഷിബു അറിയിച്ചു. 


 അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ സാവരിയയുടെ സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനമാണ് പ്രതി. ഇയാൾ നിലവിൽ ഉസ്ബെക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സാവരിയയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments