കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസുകള്‍ ഇന്നു സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കും.

  

കെ.എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി  പദ്ധതിയെത്തുടര്‍ന്നു സ്വകാര്യ ബസ് വ്യവസായം തകര്‍ച്ച നേരിടുകയാണെന്ന് ആരോപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്നു കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കും. ‌ പ്രതിഷേധത്തിന്റെ ഭാഗമായി ബസുടമകളും ജീവനക്കാരും കലക്ടറേറ്റുകളിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും. കോട്ടയത്ത് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്  കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും. പ്രിയദര്‍ശിനി ഇഫക്ടില്‍ ജില്ലയില്‍ സ്വകാര്യ ബസുകളുടെ നഷ്ടം നാലു കോടി രൂപയിലേറെ. 500 മുതല്‍ 4000 രൂപയുടെ വരെ നഷ്ടമുണ്ടാകുന്ന ബസുകള്‍ ഉണ്ട്. 


ജില്ലയില്‍ 950 സ്വകാര്യ ബസുകളാണു സര്‍വീസ് നടത്തുന്നത്. ശരാശരി 2000 രൂപയുടെ നഷ്ടം കണക്കാക്കിയാല്‍ പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള 23 ദിനങ്ങള്‍ക്കിടെ 4.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ കണക്ക്.  നഷ്ടകണക്കു വര്‍ധിച്ചതോടെ ഇന്ന് സര്‍വീസ് മുടക്കിയുള്ള പണിമുടക്ക് നടത്തുകയാണു സ്വകാര്യ ബസ് ഉടമകള്‍. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ ആറു മുതലാണു പണിമുടക്ക്. സമീപ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കൊല്ലം ജില്ലയിലും ഇന്നു സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. കഴിഞ്ഞ 15നാണു  കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. 


ഓരോ ദിവസം മുന്നോട്ടു പോകുംതോറും പ്രിയദര്‍ശിനി പദ്ധതി ഹിറ്റായി മാറിയതോടെ സ്വാകാര്യ ബസുകള്‍ക്കു വന്‍ നഷ്ടത്തിലേക്കു നീങ്ങുകയായിരുന്നു. വരുമാന നഷ്ടമില്ലാത്ത സര്‍വീസും ഏറെ വരുമാന നഷ്ടമുള്ള സര്‍വീസുകളുമുണ്ട്. ഒരേ റൂട്ടില്‍ തന്നെ വ്യത്യസ്ത നഷ്ടക്കണക്കുള്ള സര്‍വീസുകളുമുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വ്യവസായം പൂര്‍ണ തകര്‍ച്ചയിലേക്കു നീങ്ങുമെന്നതിനാലാണ് സമരത്തിലേക്കു നീങ്ങുന്നതെന്നു അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു. നഷ്ടം സഹിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ സര്‍വീസ് നിര്‍ത്തേണ്ട ഗതികേടിലാണു പല ഉടമകളും. നിരവധി പേരുടെ തൊഴില്‍ നഷ്ടമാകുന്നതിനൊപ്പം നിലവിലുള്ളവരുടെ വേതനം കുറയ്‌ക്കേണ്ട സാഹചര്യമാണെന്നും ഉടമകള്‍ പറയുന്നു.


 ലക്ഷ കണക്കിനു രൂപ മുതല്‍ മുടക്കുള്ള ബസുകളുടെ വായ്പാത്തവണകള്‍ അടയ്ക്കാനോ ദൈനംദിന പണികള്‍ പൂര്‍ത്തിയാക്കാനോ പോലും ഉടമകള്‍ക്കു കഴിയാത്ത സാഹചര്യമാണ്. ടെസ്റ്റിങ്ങ് അടുത്തിരിക്കുന്ന ബസുകളുടെ ഉടമകളും അടുത്തിടെ പുതിയ ബസ് ഇറക്കിയവരുമൊക്കെയാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.സമരത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10.30ന് നാഗമ്പടം ബസ് സ്റ്റാന്റില്‍ നിന്നു കലക്ടറേറ്റ് പടിക്കലേക്കു മാര്‍ച്ച് നടത്തും. തുടര്‍ന്നു നടക്കുന്ന ധര്‍ണ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും.  ട്രേഡ് യൂണിയന്‍ നേതാക്കളായ പി.ജെ.വര്‍ഗീസ്, കെ.എന്‍. മോഹനന്‍, സാബു കാരയ്ക്കല്‍  തുടങ്ങിയവര്‍ പ്രസംഗിക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments