ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.....മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചു......അമേരിക്കയിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ.



 വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനകം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണത്തിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അമേരിക്കയിൽ അറസ്റ്റിലായി.  
 തെലങ്കാന സ്വദേശിയായ അവിനാഷ് നാർനെ (30)യാണ് കേസിലെ പ്രതി. ഭാര്യ രാജിത സബ്ബിനേനി (27)യുടെ മരണവുമായി ബന്ധപ്പെട്ട് ആസൂത്രിത കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  

 കൊലപാതകത്തിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കുറ്റം അവിനാഷ് നിഷേധിച്ചു. 


 2025 ഒക്ടോബർ 27ന് വാഷിങ്ടൺ സംസ്ഥാനത്തെ ബെല്ലെവ്യൂവിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. ഭാര്യ ബാത്ത്റൂമിൽ പ്രതികരണമില്ലാതെ കിടക്കുകയാണെന്ന് അറിയിച്ച് അവിനാഷ് 911-ൽ വിളിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും രാജിതയെ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് രാജിതയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് അസ്വാഭാവിക മരണമായി രജിസ്റ്റർ ചെയ്ത കേസ് കൊലപാതകമായി മാറ്റി അന്വേഷണം വ്യാപിപ്പിച്ചത്. അന്വേഷണത്തിനിടെ ലഭിച്ച ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമായത്. 


കൊലപാതകം നടന്ന ദിവസം രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് തന്റെ കാമുകിക്ക് അയച്ചതായും പിന്നീട് നാല് തവണ ഫോണിൽ സംസാരിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. കൊലപാതകസമയത്ത് ഇയാൾക്ക് ഇന്ത്യയിലുള്ള മറ്റൊരു സ്ത്രീയുമായി പ്രണയബന്ധമുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വാട്സ്ആപ്പ് സന്ദേശങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, ഇലക്ട്രോണിക് ഡോർ-ലോക്ക് രേഖകൾ എന്നിവ പരിശോധിച്ചതിൽ സംഭവസമയത്ത് പ്രതിയല്ലാതെ മറ്റാരും അപ്പാർട്ട്‌മെന്റിൽ പ്രവേശിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനിടെ മൃതദേഹത്തിന്റെ ഡിലീറ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് പ്രതി തന്നെ പരാമർശിച്ചതും അന്വേഷണത്തിൽ പ്രധാന തെളിവായി. 


വാഷിങ്ടൺ സ്റ്റേറ്റിലെ കോടതിയിൽ നടന്ന വാദത്തിനിടെ ടെലിവിഷൻ ക്യാമറകളിൽ നിന്ന് മുഖം മറയ്ക്കണമെന്ന അവിനാഷിന്റെ ആവശ്യം ജഡ്ജി തള്ളി. പാസ്‌പോർട്ട് കണ്ടുകെട്ടാനും അഞ്ച് മില്യൺ ഡോളർ (ഏകദേശം 41 കോടിയിലധികം രൂപ) ജാമ്യം തുടരാനും കോടതി ഉത്തരവിട്ടു. നിലവിൽ കിംഗ് കൗണ്ടി ജയിലിൽ വിചാരണ കാത്ത് കഴിയുകയാണ് പ്രതി. ആസൂത്രിതമായ കൊലപാതകമാണെന്ന പ്രോസിക്യൂഷന്റെ വാദത്തെ പിന്തുണയ്ക്കുന്ന ശക്തമായ പ്രാഥമിക തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവിനാഷിന്റെ നിലപാട്. കേസിന്റെ തുടർ നടപടികൾ പുരോഗമിക്കുകയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments