ഇടുക്കി ജില്ലയില്‍ താളംതെറ്റി മോട്ടോര്‍വാഹന വകുപ്പ്....ആര്‍ടിഒ ഓഫീസുകളില്‍ ഉദ്യോഗസ്ഥ ക്ഷാമം


ഇടുക്കി ജില്ലയില്‍ ആര്‍ടിഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ തസ്തികകളിലെ സ്ഥിരനിയമനം വൈകുന്നതിനാല്‍ ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. ആര്‍ടിഒ കഴിഞ്ഞ മേയ് 30നും ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഏപ്രില്‍ 30നും സര്‍വീസില്‍നിന്നു വിരമിച്ചതാണെങ്കിലും പകരം നിയമനം നടത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. റോഡപകടങ്ങളും മറ്റും നിരന്തരംനടക്കുന്ന ജില്ലയില്‍ പ്രധാനപ്പെട്ട രണ്ട് തസ്തികകളില്‍ നിയമനം നടത്താത്തത് ഉദ്യോഗസ്ഥര്‍ക്കും വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ പ്രതിസന്ധിയാണ്. ആര്‍ടിഒയുടെ അധികച്ചുമതല നിലവില്‍ ഇടുക്കി ജോയിന്റ് ആര്‍ടിഒയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ അധികച്ചുമതല മുവാറ്റുപുഴ ആര്‍ടിഒയ്ക്കുമാണ്. 


എന്നാല്‍ ഇത്തരത്തിലുള്ള അധികച്ചുമതല ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിയാക്കിയിരിക്കുകയാണ്. മാത്രമല്ല നിയമപരമായ ചില പരിമിതികളുള്ളതിനാല്‍ ഓഫീസിലെ ദൈനംദിന കാര്യങ്ങളിലും ഫണ്ട് വിനിയോഗത്തിലും മാത്രമേ ഇടപെടാനാവുകയുള്ളൂ എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വിവിധ കാര്യങ്ങള്‍ക്കായി ആര്‍ടിഒ ഓഫിസുകളില്‍ എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. നിലവില്‍ ജീവനക്കാരുടെ കുറവുള്ളതിനാല്‍ പല ഉദോഗസ്ഥരും അമിത ജോലിഭാരത്തില്‍ വലയുകയാണ്. ഇതോടെ റോഡ് പരിശോധനകള്‍, എഐ കാമറകളുടെ മേല്‍നോട്ടം, എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ജീവമാണ്. അധികച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക അന്തര്‍ സംസ്ഥാന പെര്‍മിറ്റുകളിന്മേല്‍ അന്തിമതീരുമാനമെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക അനുമതി തേടണം. കൂടാതെ റോഡപകടങ്ങള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടി, ജീവനക്കാരുടെ സ്ഥലംമാറ്റം അച്ചടക്കനടപടികള്‍ സ്വീകരിക്കല്‍ എന്നിവയ്ക്ക് ഇവര്‍ക്ക് അധികാരമില്ല. ഇരട്ടി ജോലിഭാരമാണെങ്കിലും അധിക വേതനവും ലഭിക്കില്ല. 

 
ജോയിന്റ് ആര്‍ടിഒയും എംവിഐയുമില്ല 

തൊടുപുഴ എംവിഡി ഓഫീസില്‍ ജോയിന്റ് ആര്‍ടിഒ, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജോയിന്റ് ആര്‍ടിഒ ഇല്ലാത്തതിനാല്‍ നിലവിലുള്ള എംവിഐക്കാണ് അധികച്ചുമതല. അധിക ഡ്യൂട്ടിചെയ്യുന്ന ഉദ്യോഗസ്ഥരെല്ലാം ജോലി സമ്മര്‍ദത്തിലായതോടെ ലൈസന്‍സ്, ബസ് പെര്‍മിറ്റ് നല്‍കല്‍ അടക്കമുള്ള പ്രധാനപ്പെട്ട ആര്‍ടിഒ സേവനങ്ങളെല്ലാം അവതാളത്തിലാകുന്ന സ്ഥിതിയാണ്. ജില്ലാകളക്ടറും ആര്‍ടിഒയും അടങ്ങിയ കമ്മിറ്റിയാണ് പെര്‍മിറ്റ് അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നത്. ഡിപിസി കൃത്യമായി ചേരാത്തതാണ് നിയമനപ്പട്ടിക വൈകാന്‍ കാരണം. പിഎസ്സി അംഗം, ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments