അനുഗ്രഹത്തിന്റെ ജലധാര ഒഴുകുന്ന പുണ്യഭൂമി: ഭരണങ്ങാനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ


അനുഗ്രഹത്തിന്റെ ജലധാര ഒഴുകുന്ന പുണ്യഭൂമി: ഭരണങ്ങാനം: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ 

വിശ്വാസത്തിൻറെ കണ്ണിലൂടെ സഹനത്തെ നോക്കി കണ്ട് ദൈവസ്നേഹത്തിന്റെ, അനുഗ്രഹത്തിന്റെ വഴിയാണ് സഹനം എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ഭാരതത്തിൻറെ അഭിമാനമായ പ്രഥമ വിശുദ്ധ, വി. അൽഫോൻസായുടെ ജീവിത മാതൃക ഈ കാലഘട്ടത്തിന് ഒരു വെല്ലുവിളിയാണ് എന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ പറഞ്ഞു. 

സഹനത്തിന് ഉത്തരം ഉണ്ട് എന്നും മുറിവുകൾ രക്ഷാദായകമാണ് എന്നും കർത്താവിൻറെ തിരുമുറിവിന്റെ പ്രകാശത്തിൽ സ്വന്തം മുറിവുകളെ വായിച്ചെടുത്ത വിശുദ്ധ അൽഫോൻസ നമ്മോട് പറയുന്നു. 


ലോകത്തിൻറെ ഭാഷയിൽ സുഖം, സൗകര്യം, സമ്പത്ത്, ലൗകിക താത്പര്യങ്ങൾ എന്നിവ അന്വേഷിക്കുമ്പോൾ ദൈവസ്നേഹത്തിന്റെ നിറവിൽ വിശുദ്ധ അൽഫോൻസ അന്വേഷിച്ചത് സഹനങ്ങൾ ഏറ്റെടുത്ത്, ത്യാഗങ്ങൾ ഏറ്റെടുത്ത്, വിശുദ്ധിയിൽ വളരാനാണ്. ദൈവഹിതം അനുവർത്തിച്ച് സഹനം എങ്ങനെ സ്വീകരിക്കാം എന്നാണ്. സഹനങ്ങളെ പാഴാക്കി കളയരുത് ,വിശുദ്ധിയിലേക്കുള്ള ഉപാധിയാണ് എന്നും തിരുമുറിവിനോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിക്കണം എന്നും പിതാവ് ഓർമ്മപ്പെടുത്തി. നമ്മുടെ ഇടയിൽ നിന്ന് നമ്മുടെ സ്വന്തം രക്തത്തിൻറെ ഭാഗമായി ഒരാളെ വിശുദ്ധിയുടെ ഔന്നിത്യത്തിലേക്ക് ദൈവം ഉയർത്തിയത് നമുക്ക് മാതൃക യാക്കുന്നതിനാണ്, 
മാധ്യസ്ഥം അപേക്ഷിക്കുന്നതിനാണ്. 


ലോക സുഖങ്ങൾ നിലനിൽക്കുന്നില്ല എന്നാൽ സഹനങ്ങൾക്ക് അത്ഭുതകരമായ ഉത്തരമുണ്ട്, അത് ഒരു യാഥാർത്ഥ്യമാണ്, മഹത്തീകരണത്തിന്റെ കാരണമാണ്. കർത്താവിൻറെ തിരുമുറിവിന്റെ സുവിശേഷം ജീവിച്ചവൾ, കർത്താവിന്റെ തിരുമുറിവിനെ സ്നേഹമെന്ന് വ്യാഖ്യാനിച്ചവൾ, കർത്താവിൻറെ തിരുമുറിവിന്റെ പ്രകാശത്തിൽ സ്വന്തം ജീവിതത്തെ രക്ഷാദായകമായ വിധം വായിച്ചെടുത്തവൾ
വിശുദ്ധ അൽഫോൻസ. സ്നേഹത്തിൽ വ്യാപരിക്കാൻ വിശുദ്ധ അൽഫോൻസ ലോകത്തോട് വിളിച്ചുപറയുന്നു. ലക്ഷോപലക്ഷങ്ങളുടെ ജീവിതത്തിലേക്ക് സ്വാന്തനമായി, രോഗശാന്തിയായി, കൃപയുടെ നിറവായി, സ്നേഹമായി, ദൈവകൃപയുടെ ഒഴുകിയിറങ്ങുന്ന ജലധാരയാണ് വിശുദ്ധ അൽഫോൻസ എന്ന് പിതാവ് എടുത്തു പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments