പാലാ നഗരസഭയില്‍ അവിശ്വാസ ചര്‍ച്ച നാളെ, ഡി.സി.സി. നേതൃത്വം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തി, വിപ്പ് നല്‍കും.



സുനില്‍ പാലാ


യു.ഡി.എഫിന്റെ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷമായ ഇടതുമുന്നണി കൊടുത്ത അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നാളെ (21.07.2026) രാവിലെ 11 ന് നടക്കും. 
 
യു.ഡി.എഫിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേരത്തെ തന്നെ ദിയ ബിനുവിനെതിരെ അവിശ്വാസം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കാനാണ് സാധ്യതയേറെ.

ഇതേ സമയം ഇന്നലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായി ഡി.സി.സി. നേതൃത്വം ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ച നടത്തി. കോണ്‍ഗ്രസിലെ ആറ് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഡി.സി.സി.യെ പ്രതിനിധീകരിച്ച് നാട്ടകം സുരേഷ് എം.എല്‍.എ., ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് പ്രതിനിധികളായ ആര്‍. കൗണ്‍സിലര്‍മാരുടെയും വിശദമായ അഭിപ്രായം ഡി.സി.സി. നേതൃത്വം ചോദിച്ചറിഞ്ഞു. കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം പേരും സ്വതന്ത്ര മുന്നണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട ഡി.സി.സി. നേതൃത്വം തങ്ങള്‍ കെ.പി.സി.സിയുമായി ആലോചിച്ച് ഉചിതമായൊരു തീരുമാനം തിങ്കളാഴ്ച വൈകിട്ടോടെ കൈക്കൊള്ളുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അറിയിച്ചിട്ടുണ്ട്.


 
യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ അനുവദിക്കില്ല, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കും.

പാലാ നഗരസഭ യു.ഡി.എഫിന്റെ ഭരണത്തില്‍ നിന്നും കൈവിട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് ഡി.സി.സി. നേതൃത്വത്തിലെ ഒരു അംഗം പറഞ്ഞു. കെ.പി.സി.സിയുമായി വിഷയം വിശദമായി സംസാരിച്ച ശേഷം ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തീരുമാനമറിയിക്കും. ഇതോടൊപ്പം വിപ്പും നല്‍കും. എല്ലാ കൗണ്‍സിലര്‍മാരും വിപ്പ് ഉറപ്പായും പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി.സി.സി. നേതാവ് പറഞ്ഞു.



ജോസഫ് വാഴയ്ക്കന്‍ സ്വതന്ത്രമുന്നണി നേതൃത്വവുമായും സ്വതന്ത്ര കൗണ്‍സിലര്‍ മായാ രാഹുലുമായും ചര്‍ച്ച നടത്തി

ഇതേ സമയം കെ.പി.സി.സി നേതാവ് ജോസഫ് വാഴയ്ക്കന്‍ പാലായിലെത്തി സ്വതന്ത്ര മുന്നണി നേതൃത്വവുമായും സ്വതന്ത്ര കൗണ്‍സിലറായ മായാ രാഹുലുമായും ചര്‍ച്ച നടത്തി. ഏത് വിധേനയും പ്രശ്നപരിഹാരമുണ്ടാക്കാനാണ് ജോസഫ് വാഴയ്ക്കന്‍ ശ്രമിക്കുന്നത്.

ഇതിനിടെ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. ഇതുകൊണ്ടുപക്ഷേ പ്രത്യേക പ്രയോജനം ഉണ്ടാകാനുള്ള സാധ്യതയില്ല. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച മായാ രാഹുലിന് കാലാവധി കഴിയുംവരെ ആ നിലയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പരാതി വന്നാല്‍ പ്രശ്നമാകും. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ് നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മായാ രാഹുലിനെയും ഭര്‍ത്താവ് രാഹുലിനെയും കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത്. ഇതേ സമയം സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ കഴിയില്ലെന്ന് മായാ രാഹുല്‍ സുഹൃത്തുക്കളോടും സഹകൗണ്‍സിലര്‍മാരോടും പറഞ്ഞതായാണ് സൂചന.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments