നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കർശന നിയമ നടപടികൾ ഉണ്ടാകും; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം


 നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസുകളിൽ ഇനി കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാർക്ക് അതിവേഗ വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കുന്ന പുതിയ നിയമത്തിന്റെ കരട് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 വ്യാഴാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

 വെള്ളിയാഴ്‌ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കരട് ബിൽ ചർച്ച ചെയ്ത‌് അന്തിമരൂപം നൽകുമെന്നും, പാർലമെന്റ് സമ്മേളനത്തിൻ്റെ രണ്ടാംവാരത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സംബന്ധിച്ച് മോദി പ്രതികരിച്ചില്ല. ചോദ്യപ്പേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസത്തെ തകർക്കുന്ന ഗുരുതര വിഷയമാണെന്ന് മോദി പറഞ്ഞു. 

സംഭവങ്ങൾ പുറത്തുവന്നതിന് പിന്നാലെ സർക്കാർ അതിവേഗ നടപടികളാണ് സ്വീകരിച്ചതെന്നും, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്ത‌് ജയിലിലടച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഒരു അധ്യയനവർഷം നഷ്ടപ്പെടാതിരിക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 22 ലക്ഷം വിദ്യാർഥികൾക്കായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്തുകയും ജൂലൈ 19-ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിജയിച്ച വിദ്യാർഥികളുടെ സന്തോഷവാർത്തകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 ഇതോടെ നടപടികൾ അവസാനിക്കുന്നില്ലെന്നും, ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ അതിവേഗം തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മോദി അറിയിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ വ്യവസ്ഥകളും ഉൾപ്പെടുത്തിയ കരട് ബിൽ മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ യുവതലമുറയുടെ ഭാവിയെക്കാൾ വലുതായി മറ്റൊന്നുമില്ല. അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും,” എന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നേരത്തെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചപ്പോഴും കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ദില്ലി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ജസ്റ്റിസ് അനു ഗ്രോവർ ബലിഗയെ പ്രത്യേക ജഡ്ജിയായി നിയമിക്കുകയും ചെയ്തിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments