മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണം; എസ്‌ഐയേയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞു; അന്വേഷണം തുടങ്ങി…

  

ഇടുക്കി ജില്ലയിലെ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയ എസ്‌ഐയും പൊലീസ് ഡ്രൈവറും മദ്യപിച്ചിരുന്നുവെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഇരുവരെയും തടഞ്ഞുവച്ചു. സംഭവത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. കരിമണ്ണൂർ സ്റ്റേഷനിലെ എസ്‌ഐ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന ഡ്രൈവറും മദ്യലഹരിയിലായിരുന്നുവെ ന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. ഇതോടെ സ്ഥലത്ത് വാക്കുതർക്കവും സംഘർഷസമാന സാഹചര്യവും രൂപപ്പെട്ടു. 


വിവരമറിഞ്ഞ് തൊടുപുഴ എസ്‌എച്ച്‌ഒ സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ചീട്ടുകെട്ടും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രാഥമിക പരിശോധനയായ ബ്രീത്ത് അനലൈസറിലും രക്തപരിശോധനയുടെ ആദ്യഘട്ടത്തിലും മദ്യപിച്ചതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി രക്തസാംപിൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു. 


സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇടുക്കി എസ്‌പി അറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയോടും തൊടുപുഴ ഡിവൈഎസ്‌പിയോടും വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഫുട്ബോൾ ഫൈനലിന് ശേഷമുള്ള ആഘോഷങ്ങൾക്ക് പൊലീസ് അനുമതി നിഷേധിച്ചതിലുള്ള വിരോധമാണ് പ്രതിഷേധത്തിന് കാരണമായതെന്നും തങ്ങൾ മദ്യപിച്ചിരുന്നില്ലെന്നും എസ്‌ഐ റോയ് സുകുമാരൻ മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വാഹനത്തിൽ കണ്ടെത്തിയ ചീട്ടുകെട്ടുകൾ നേരത്തെ പിടിച്ചെടുത്ത കേസിലെ തൊണ്ടിമുതലാണെന്നും, ഒഴിഞ്ഞ മദ്യക്കുപ്പി വാഹനത്തിൽ എങ്ങനെ എത്തിച്ചേർന്നുവെന്ന് അറിയില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments