എത്ര തലമുറകളുടെ ഓർമകളിലാണ് എസ്. ജാനകിയുടെ ശബ്ദം ഇന്നും ജീവിക്കുന്നത്....“നിങ്ങളുടെ സ്നേഹമാണ് എന്നെ ഇത്രയും ദൂരം എത്തിച്ചത്. നിങ്ങളുടെ മനസ്സിൽ ഞാൻ എന്നും ഉണ്ടെന്നറിയാം. ഞാൻ തൃപ്തയാണ്,” എന്ന വാക്കുകളോടെയാണ് അവർ യാത്ര പറഞ്ഞത്.



 എത്ര  തലമുറകളുടെ ഓർമകളിലാണ് എസ്. ജാനകിയുടെ ശബ്ദം ഇന്നും ജീവിക്കുന്നത്. ആ സ്വരമാധുര്യം ഇനി പുതുഗാനങ്ങളായി ഉയരില്ലെന്ന വാർത്ത ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ്. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ ഇരുപതോളം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, 1957-ലാണ് ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2017-ൽ പൊതുവേദിയോട് വിടപറഞ്ഞതോടെ ആ അപൂർവ സംഗീതയാത്രയ്ക്ക് അവർ സ്വയം വിരാമമിട്ടു. 


 2017 ഒക്ടോബർ 28-ന് മൈസൂരിലെ മാനസഗംഗോത്രിയിൽ നടന്ന സംഗീതനിശ ജാനകിയമ്മയുടെ അവസാന പൊതുപരിപാടിയായി ചരിത്രത്തിൽ ഇടം നേടി. വെള്ളയിൽ നീലപ്പൂക്കളുള്ള സാരിയണിഞ്ഞ് മകന്റെ കൈപിടിച്ച് വേദിയിലേക്കെത്തിയ ജാനകിയെ നിറകണ്ണുകളോടെയായിരുന്നു സംഗീതാസ്വാദകർ വരവേറ്റത്. മൈസൂരു രാജകുടുംബാംഗങ്ങളും സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകർ ആ യാത്രയയപ്പിന് സാക്ഷികളായി. ആ രാത്രി ആരാധകരുടെ അഭ്യർഥനപ്രകാരം തെലുങ്ക്, തമിഴ്, മലയാളം ഗാനങ്ങൾ ഒന്നിനുപിറകെ ഒന്നായി അവർ ആലപിച്ചു. 

മലയാളികൾക്കായി ‘മദനോത്സവം’ സിനിമയിലെ ‘സന്ധ്യേ കണ്ണീരിതെന്തേ’ എന്ന ഗാനവും ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ ഉൾപ്പെടെയുള്ള എക്കാലത്തെയും പ്രിയഗാനങ്ങളും അവർ പാടിയപ്പോൾ സദസാകെ വികാരഭരിതമായി. ശബ്ദത്തിന് യാതൊരു ക്ഷീണവും വരുത്താതെ അവസാനംവരെ പാടിയ ജാനകിയമ്മ, ഇനി പൊതുവേദികളിൽ പാടില്ലെന്ന് അന്നുതന്നെ പ്രഖ്യാപിച്ചു. “നിങ്ങളുടെ സ്നേഹമാണ് എന്നെ ഇത്രയും ദൂരം എത്തിച്ചത്. നിങ്ങളുടെ മനസ്സിൽ ഞാൻ എന്നും ഉണ്ടെന്നറിയാം. ഞാൻ തൃപ്തയാണ്,” എന്ന വാക്കുകളോടെയാണ് അവർ യാത്ര പറഞ്ഞത്. അതേസമയം, “പാട്ട് നിർത്തരുതമ്മേ” എന്ന ആരാധകരുടെ അഭ്യർഥന സദസിൽ വീണ്ടും വീണ്ടും ഉയർന്നെങ്കിലും, ഒരു കലാകാരി തന്റെ ദൗത്യം പൂർണതയിൽ നിറവേറ്റിയ സംതൃപ്തി ജാനകിയമ്മയുടെ മുഖത്ത് വ്യക്തമായിരുന്നു. 


 മലയാളികളുടെ ഹൃദയത്തിൽ എസ്. ജാനകിക്ക് അതുല്യമായ സ്ഥാനം നേടിക്കൊടുത്തത് സംഗീതസംവിധായകൻ എം.എസ്. ബാബുരാജിന്റെ അനശ്വര ഈണങ്ങളാണ്. ‘തളിരിട്ട കിനാക്കൾതൻ’, ‘അഞ്ജന കണ്ണെഴുതീ’, ‘സൂര്യകാന്തീ’, ‘ഒരു കൊച്ചു സ്വപ്നത്തിൻ’, ‘താമരക്കുമ്പിളിലല്ലോ മമഹൃദയം’ തുടങ്ങി അനവധി ഗാനങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സംഗീതസമ്പത്താണ്. ശ്രദ്ധേയമായ മറ്റൊരു യാദൃച്ഛികത, ജാനകിയമ്മയുടെ അവസാന ചലച്ചിത്രഗാനവും മലയാളത്തിലായിരുന്നു. 2016-ൽ പുറത്തിറങ്ങിയ ‘പത്തു കൽപ്പനകൾ’ എന്ന ചിത്രത്തിനായാണ് അവർ അവസാനമായി പിന്നണി പാടിയത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments