കോട്ടയം ജില്ലയില്‍ പ്രകൃതിക്ഷോഭം: കിഴക്കന്‍ മേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും; വീട് ഒലിച്ചുപോയി, വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ശക്തമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. മൂന്നിലവിലുണ്ടായ ഉരുള്‍പൊട്ടലില്‍ കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയിലെ ഡ്രൈവറായ രാജേഷിന്റെ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയി.
അപകടത്തില്‍ രാജേഷിന്റെ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് മണ്ണിനടിയിലായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ മറ്റ് ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നദികള്‍ കരകവിഞ്ഞു; റോഡ് ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയില്‍ പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൂട്ടിക്കല്‍, ഈരാറ്റുപേട്ട ടൗണുകളില്‍ വെള്ളം കയറി. ഇവിടെ ഒരു കുടുംബത്തെ കാണാതായായതായി റിപ്പോര്‍ട്ട് ഉണ്ട്. മുണ്ടക്കയം കോസ്വെ പൂര്‍ണ്ണമായും വെള്ളത്തിലായിട്ടുണ്ട്.
മണിമല ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുനലൂര്‍ - മൂവാറ്റുപുഴ റോഡിലെ മണിമല ടൗണ്‍, മണ്ണനാണി, വാഴൂര്‍ - മണിമല റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ, പാലാ - ഈരാറ്റുപേട്ട റോഡില്‍ മൂന്നാനി ഭാഗത്തും, കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിലും, തൊടുപുഴ റോഡിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കൂട്ടിക്കല്‍, കാഞ്ഞിരപ്പള്ളി, പാറത്തോട്, നടക്കല്‍, മുരിക്കോരി എന്നിവിടങ്ങളില്‍ ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. കൂട്ടിക്കലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. എരുമേലി വലിയമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്.
മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നദിക്കരകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


.jpg)


0 Comments