സുനില്‍ പാലാ
കാല്‍പന്തുകളിയുടെ ആവേശവുമായി കമന്ററി പറഞ്ഞൊരു കന്യാസ്ത്രി വൈറല്‍ താരമാകുന്നു, പാലാ അല്‍ഫോന്‍സാ കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയായി വിരമിച്ച സിസ്റ്റര്‍ ടെസി പള്ളിക്കാപ്പറമ്പില്‍ എന്ന പ്രൊഫ. ഡോ. ജില്ലി ജയിംസാണ് കാല്‍പന്തുകളി ആസ്വാദകരുടെ മനം കവരുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയിലെ കളിയുടെ കമന്ററി സിസ്റ്റര്‍ ടെസി പറഞ്ഞത് പാലാ നഗരസഭയ്ക്കുവേണ്ടിയാണ്. നഗരസഭാ കവാടത്തില്‍ തയ്യാറാക്കിയ ഭീമന്‍ സ്‌ക്രീനില്‍ നഗരവാസികള്‍ കളിയുടെ കാഴ്ച ആസ്വദിച്ചപ്പോള്‍ കമന്ററിയായി എത്തിയത് ടെസിയമ്മയുടെ വാക്കുകളാണ്; ''ലോകമൊരു കാല്‍പ്പന്തിന് പിന്നാലെ പായുമ്പോള്‍ ആവേശം അതിരുകള്‍ ഭേദിച്ച് ഫുട്‌ബോള്‍ എന്ന വികാരം ഓരോ കായിക പ്രേമിയുടെയും സിരകളില്‍ അലിഞ്ഞുചേരുന്ന നിമിഷം... ആരായിരിക്കും വേള്‍ഡ് കപ്പില്‍ മുത്തമിടുക. പല വമ്പന്‍മാരും കാലിടറി മടങ്ങിയ മത്സരക്കളത്തില്‍ ഇനി പടപൊരുതി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത് വിജയിച്ച പോരാളികളുടെ മത്സരം'' സിസ്റ്റര്‍ ടെസിയമ്മയുടെ വാക്കുകള്‍ക്കൊണ്ടുള്ള ഫുട്‌ബോള്‍കളി പോലെ മനോഹരമായ ആവേശം നിറച്ച വാക്കുകള്‍ ബിഗ് സ്‌ക്രീന് മുന്നില്‍ കണ്ണുംനട്ടിരുന്ന കളിയാസ്വാദകരുടെ ആവേശ ലഹരിയുയര്‍ത്തി.
കഴിഞ്ഞയാഴ്ച പാലാ അല്‍ഫോന്‍സാ കോളേജില്‍ വേള്‍ഡ് കപ്പിന്റെ ഭാഗമായി നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരവേദിയില്‍ കമന്ററി പറഞ്ഞ സിസ്റ്റര്‍ ടെസിയെ മുഖ്യാതിഥിയായിരുന്ന രമേഷ് പിഷാരടി എം.എല്‍.എ. വേദിയില്‍നിന്നിറങ്ങി വന്ന് പൊന്നാടയണിയിച്ചാണ് ആദരിച്ചത്. ഗാലറിയിലിരിക്കുന്നവരുടെയും കാലുകളില്‍ പെരുപ്പുണ്ടാക്കി കളിമൈതാനത്തേക്ക് പറഞ്ഞയയ്ക്കുന്ന മാന്ത്രിക വാക്കുകളാണ് സിസ്റ്റര്‍ ടെസിയമ്മയുടേത് എന്നായിരുന്നു പിഷാരടിയുടെ അഭിനന്ദന വാക്കുകള്‍.
സിസ്റ്റര്‍ ടെസിയമ്മ സര്‍വ്വകലാവല്ലഭ
ഭക്തിഗാനമുള്‍പ്പെടെ അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയ കന്യാസ്ത്രി. പാട്ടുകള്‍ എഴുതുക മാത്രമല്ല അവയ്ക്ക് സംഗീതം പകരുകയും അതിന് ദൃശ്യാവിഷ്‌കാരമൊരുക്കുകയും അത് എഡിറ്റ് ചെയ്യുകയും എല്ലാം ചെയ്യുന്നത് സിസ്റ്റര്‍ ടെസിയമ്മ ഒറ്റയ്ക്കാണ്; സംഗീതം ഇതുവരെ പഠിച്ചിട്ടില്ലാത്ത സര്‍വ്വകലാവല്ലഭ! ക്രിസ്തുരാജ് മിഷന്‍, കെം സ്റ്റാഴ്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ നടത്തുന്ന സിസ്റ്റര്‍ ടെസി പാലാ മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെയും ഗായിക സിസിലിയുടെയും അടുത്ത ബന്ധുവാണ്. 2026 മാര്‍ച്ച് 31 നാണ് കോളേജില്‍ നിന്നും വിരമിച്ചത്. പാലാ അല്‍ഫോന്‍സാ കോളേജില്‍ നിന്നും ഡിഗ്രിയും ചെന്നൈ ലയോള കോളേജില്‍ നിന്ന് പി.ജിയും എംഫിലും പി.എച്ച്.ഡിയും നേടിയ സിസ്റ്റര്‍ ടെസി അദ്ധ്യാപന രംഗത്തും ശ്രദ്ധേയയായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34


.jpg)


0 Comments