സുനില്‍ പാലാ
പ്രായവും കുടുംബച്ചുമതലകളും കലാസ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പാലാ ടൗണ്‍ എസ്.എന്‍.ഡി.പി യോഗം ശാഖയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'ചിഞ്ചിലം' വഴിയോര ഡാന്‍സ് ട്രൂപ്പ്. ഇരുപതിലധികം വീട്ടമ്മമാര്‍ അണിനിരക്കുന്ന ഈ വനിതാ നൃത്തസംഘം കഴിഞ്ഞ എട്ടുമാസത്തിനിടെ പത്തോളം വേദികളില്‍ ചുവടുവെച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്.
''ഭാഗ്യാഡ ലക്ഷ്മി ബാരമ്മ...'' തുടങ്ങിയ പരമ്പരാഗത താളവും ചുവടുകളും കോര്‍ത്തിണക്കിയ അവതരണങ്ങളാണ് ചിഞ്ചിലത്തിന്റെ പ്രത്യേകത. ഘോഷയാത്രകള്‍, സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍, ആഘോഷവേദികള്‍ എന്നിവിടങ്ങളിലെല്ലാം സംഘത്തിന്റെ പ്രകടനത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വഴിയോര നൃത്തത്തിന്റെ ഉത്സാഹവും സ്ത്രീകളുടെ കൂട്ടായ്മയുടെ കരുത്തും ഒരുമിച്ച് പ്രകടമാകുന്ന അവതരണങ്ങള്‍ കാണികളെ ആവേശത്തിലാക്കുകയാണ്.
ദൈനംദിന കുടുംബജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും പരിശീലനത്തിനായി സമയം കണ്ടെത്തിയാണ് വീട്ടമ്മമാര്‍ ഈ കലാസംരംഭം മുന്നോട്ടുകൊണ്ടുപോകുന്നത്. പലര്‍ക്കും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും നൃത്തവേദിയിലേക്ക് തിരിച്ചെത്താന്‍ ചിഞ്ചിലം അവസരവുമൊരുക്കി.
എസ്.എന്‍.ഡി.പി പാലാ ടൗണ്‍ ശാഖയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിഞ്ചിലം രൂപംകൊണ്ടത്. സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ശാഖാ നേതാക്കളായ പി.ജി. അനില്‍കുമാര്‍, നാരായണന്‍കുട്ടി അരുണ്‍നിവാസ്, ബിന്ദു സജി മനത്താനം എന്നിവര്‍ പറഞ്ഞു. ശാഖാ സെക്രട്ടറികൂടിയായ ബിന്ദു സജി മനത്താനമാണ് ടീമിന്റെ ക്യാപ്റ്റന്‍.
ബീന അനില്‍കുമാര്‍, ഗീത സുബാഷ് കോമളം, ഷീജ സതീഷ്, അജിത ജയന്‍, ബിന്ദു മോഹന്‍, സിന്ധു ബൈജു, പ്രസി സിജു, ദീപ, അമൃത, ബീന കെ., ദില്‍ഷ, ഗീത ശശി, ഗിരിജ ഷാജി, ജയ വിജയന്‍, മിനി രാജു, സുലേഖ, ഷീല, മഞ്ജു, അമ്പിളി എന്നിവരാണ് ട്രൂപ്പിലുള്ളത്.
അടുത്തലക്ഷ്യം കൂടുതല്‍ പരിപാടികള്‍
വേദികളില്‍ കൈയടിയോടെ സ്വീകരിക്കപ്പെടുന്ന ചിഞ്ചിലത്തിന്റെ അടുത്ത ലക്ഷ്യം കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് വനിതാ കൂട്ടായ്മയുടെ കലാപ്രതിഭയെ സമൂഹത്തിന് മുന്നിലെത്തിക്കുക എന്നതാണെന്ന് ടീം ക്യാപ്റ്റന്‍ ബിന്ദു സജി മനത്താനം പറഞ്ഞു. എട്ടുമാസത്തിനിടെ നേടിയ ജനപ്രീതി, ഈ വഴിയോര ഡാന്‍സ് ട്രൂപ്പിനെ പാലായിലെ ശ്രദ്ധേയമായ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments