പാലാ ജനറൽ ആശുപത്രിയിലെ മോഷണം ...... അതുകൊണ്ടരിശം തീരാഞ്ഞവനാ പൊലീസ് ജീപ്പില്‍ ചാടിക്കയറി...!!മൊഴികൊടുക്കാനാളില്ല, കേസ്സെടുക്കാൻ കഴിയാത്ത "അത്യാഹിതവു" മായി പൊലീസ് ..... പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന


പാലാ ജനറൽ ആശുപത്രിയിലെ മോഷണം ......
അതുകൊണ്ടരിശം തീരാഞ്ഞവനാ പൊലീസ് ജീപ്പില്‍ ചാടിക്കയറി...!!മൊഴികൊടുക്കാനാളില്ല, കേസ്സെടുക്കാൻ കഴിയാത്ത "അത്യാഹിതവു" മായി പൊലീസ് ..... പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന  

സുനിൽ പാലാ

പാലാ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി . ആശുപത്രിയുടെ ക്യാഷ് കൗണ്ടറിൽ നിന്നും കൂടുതലൊന്നും കിട്ടാതെ വന്ന വാശിയ്ക്കാകണം ; മോഷണ സംഘത്തിലെ ഒരുവൻ , ആശുപത്രി വളപ്പിൽ അപോഴുണ്ടായിരുന്ന ഒരു പൊലീസ് ജീപ്പിലേക്ക് ചാടിക്കയറി; ഒരു വെല്ലുവിളി എന്ന മട്ടിൽ കയറിയിരുന്നത് ജീപ്പിലെ എസ്.ഐ യുടെ ഇരിപ്പിടത്തിൽ !!!


സി.സി. ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്  ഇങ്ങനെയാണ് ; മൂന്നംഗ സംഘമാണ് നാലാം തീയതി വൈകിട്ട് പാലാ ജനറല്‍ ആശുപത്രിയില്‍ മോഷണത്തിനായി എത്തുന്നത്. ഇവരാദ്യം ഒ.പിയില്‍ പോയി ചീട്ടെടുത്തു. തുടര്‍ന്ന് മൂന്നുപേരും ഒന്നിച്ച് അത്യാഹിത വിഭാഗത്തിലേക്ക് വന്നു. തുടര്‍ന്ന് രണ്ടുപേര്‍ ഫാര്‍മസി ഭാഗത്തേക്കും ഒരാള്‍ ക്യാഷ് കൗണ്ടറിന്റെ ഭാഗത്തേക്കും നീങ്ങി. 

വൈകിട്ട് അഞ്ചുമണി കഴിഞ്ഞതിനാല്‍ ക്യാഷ് കൗണ്ടര്‍ അടച്ച നിലയിലായിരുന്നു. ചുറ്റുപാടും നോക്കിയ യുവാവ് ആദ്യം ക്യാഷ് കൗണ്ടറിലേക്ക് തലയിട്ടു. പിന്നീട് കൗണ്ടറിനുള്ളിലേക്ക് നൂഴ്ന്നിറങ്ങി. മേശയിലെ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. തുടര്‍ന്ന് അതേ വഴിയിലൂടെ പുറത്തേക്കിറങ്ങി. 


മൂന്നുപേരും ഒന്നിച്ച് ആശുപത്രിയുടെ ഒരു മൂലയിലേക്കെത്തി. അതാ അവിടെയപ്പോള്‍ ഒരു പൊലീസ് ജീപ്പ് കിടക്കുന്നു. സംഘത്തിലെ ഒരുവന്‍ നേരെ പൊലീസ് ജീപ്പിനടുത്തേക്ക് ചെന്നു. ജീപ്പില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. അവന്‍ ധൈര്യപൂര്‍വ്വം എസ്.ഐ. ഇരിക്കുന്ന സീറ്റിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് ചാടിക്കയറി. ഒരു മിനിട്ട് അവിടെ ഇരുന്നതിന് ശേഷം വീണ്ടുമിറങ്ങി കൂട്ടുകാരുടെ അടുത്തേയ്ക്ക് ചെന്നു.

ആശുപത്രിയില്‍ നിന്ന് കാര്യമായി പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സൂചന. ലോക്കറിലാണ് സാധാരണ പണം വയ്ക്കുന്നത് എന്നതിനാല്‍ മേശവലിപ്പിനുള്ളില്‍ നിന്ന് വളരെ നിസ്സാര തുകയേ കള്ളന്‍മാര്‍ക്ക് കിട്ടിയുള്ളൂ.


പൊലീസ് സ്ഥലത്തെത്തി, പക്ഷേ മൊഴികൊടുക്കാനാളില്ല! കേസുമില്ല.

സംഭവമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ ശ്രമിച്ചു. പക്ഷേ രണ്ട് താത്ക്കാലിക ജീവനക്കാരായ സ്ത്രീകളാണ് മൊഴികൊടുക്കാന്‍ മുന്നോട്ട് വന്നത്. മൊഴിയെഴുതാന്‍ ആരംഭിക്കവേ തന്നേ തങ്ങള്‍ക്ക് പേടിയാണെന്ന് പറഞ്ഞ് ഈ സ്ത്രീകള്‍ പിന്‍വലിഞ്ഞതായി പൊലീസ് പറയുന്നു. ഇതോടെ മൊഴിയെടുപ്പ് മുടങ്ങി കേസെടുക്കാനാവാത്ത സ്ഥിതിയുമായി.


പ്രതികളെ തിരിച്ചറിഞ്ഞു... കേസെടുക്കാതെങ്ങനെ പിടികൂടും

നഗരത്തിലെ ചില സ്ഥിരം കുറ്റവാളികളാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. പക്ഷേ മൊഴിയില്ലാതെ കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ പൊലീസ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments