കാലത്തെ തോല്‍പ്പിച്ച് തോട്ടില്‍ ഒരു കിണര്‍! ഇളപൊഴുതിലെ ജലസ്മൃതി ഇന്നും ജീവിക്കുന്നു. കരൂര്‍ പഞ്ചായത്തിലെ ഇളപൊഴുത് തോട്ടില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്ക് നിശബ്ദമായി സാക്ഷ്യം വഹിച്ച് ഒരു ജലധാര. ഇത് നെച്ചിപ്പുഴൂര്‍ ഗ്രാമത്തിന്റെ ചരിത്രവും അതിജീവനത്തിന്റെ ഓര്‍മ്മകളും തെളിനീരൊഴുക്കുന്ന കിണര്‍.
സുനിൽ പാലാ
1983-ല്‍ കേരളം കടുത്ത വരള്‍ച്ചയുടെ പിടിയിലായപ്പോള്‍ കരൂര്‍, നെച്ചിപ്പുഴൂര്‍ പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമത്തെ നേരിട്ടു. അന്നത്തെ പ്രതിസന്ധി മറികടക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി ഇളപൊഴുത് തോട്ടില്‍ മറ്റപ്പള്ളില്‍ ഭാഗത്ത് വലിയൊരു കുളം കുഴിച്ചു. ഇവിടെ യഥേഷ്ടം വെള്ളവും ലഭിച്ചു. അന്നത്തെ സാഹചര്യത്തില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ ജലസ്രോതസ്സ്. ഇവിടെ നിന്ന് തലച്ചുമടായി എത്രയോ പേര്‍ അന്ന് അതിജീവനത്തിന്റെ കുടിവെള്ളം ശേഖരിച്ചു.
കാലം മാറി, കുടിവെള്ള വിതരണ പദ്ധതികള്‍ ഗ്രാമത്തിലെത്തി. വീടുകളിലേക്ക് പൈപ്പിലൂടെ ഇന്ന് വെള്ളമൊഴുകുന്നു. വലിയകുളം പിന്നീട് ചുരുങ്ങി ഒരു കൊച്ചുകിണറായി. ഇപ്പോള്‍ സമീപപ്രദേശങ്ങളിലെ ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രമേ ഇവിടെ നിന്നും കുടിവെള്ളം ശേഖരിക്കുന്നുള്ളൂ. കിണറിപ്പോള്‍ സ്ലാബിട്ട് മൂടിയിരിക്കുകയാണ്. ഇതിനും മേലെ ഇളപൊഴുതുതോട് കുണുങ്ങി കുണുങ്ങി ഒഴുകുന്നു. പ്രകൃതിയോടൊപ്പം ജീവിച്ച ഒരു തലമുറയുടെ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും പ്രതീകമായി ഈ കിണര്‍ ഇളപൊഴുതുതോട്ടില്‍ ഇപ്പോഴും വിശ്രമത്തിലുണ്ട്.
ശുദ്ധമായ വെള്ളം ഇപ്പോഴും
ശുദ്ധമായ കുടിവെള്ളമാണ് ഇപ്പോഴും ഈ കിണറ്റില്‍ നിന്നും ലഭിക്കുന്നത്. ഒരു വേനലിലും വറ്റാത്ത വെള്ളം ഈ കിണറ്റിലുണ്ട്.
- ബിനു മറ്റപ്പള്ളില്‍, പ്രദേശവാസി
പുതുതലമുറയ്ക്ക് ഇതൊരു പോരാട്ടത്തിന്റെ ചരിത്രം
പുതുതലമുറയ്ക്ക് ഈ കിണര്‍ ഒരു സാധാരണ ജലസ്രോതസ്സ് മാത്രമാകാം. എന്നാല്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ക്കിത് ദാഹത്തിനെതിരായ ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്. ഓരോ തുള്ളി വെള്ളത്തിനും വിലയുണ്ടായിരുന്ന കാലത്തിന്റെ ഓര്‍മ്മകള്‍.
- എന്‍. സുരേഷ്, കരൂര്‍ ഗ്രാമപഞ്ചായത്ത് നെച്ചിപ്പുഴൂര്‍ വാര്‍ഡ് മെമ്പര്‍.



.jpg)


0 Comments