വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 14 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. സമരത്തിൻ്റെ ആദ്യപടിയായി ഒക്ടോബർ 14-ന് സ്വകാര്യ ബസുടമകളും കുടുംബാംഗങ്ങളും സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും.
പ്രിയദർശിനി പദ്ധതി മൂലം തങ്ങൾക്ക് ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക, ബസ് ടിക്കറ്റ് നിരക്കും വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യവും (കൺസെഷൻ) വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. പ്രിയദർശിനി പദ്ധതി പൊതുജനങ്ങൾക്ക് ഗുണകരമായെങ്കിലും ബസ് മേഖലയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് ബസുടമകൾ ചൂണ്ടിക്കാണിക്കുന്നത്.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിയെ കണ്ട് ബസുടമകൾ നിവേദനം നൽകിയിട്ടുണ്ട്. നേരത്തെ സർക്കാരിന്റെ തുടക്കകാലത്ത് സമരമാർഗ്ഗം ഒഴിവാക്കാൻ സംഘടന തീരുമാനിച്ചിരുന്നെങ്കിലും, പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതല്ലാതെ ഫലപ്രദമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്ന് ഇവർ ആരോപിക്കുന്നു.
ഒക്ടോബർ 14-ലെ സെക്രട്ടറിയേറ്റ് മാർച്ചിന് ശേഷം, മാസാന്ത്യത്തോടെ നിരാഹാര സമരവും സംഘടിപ്പിക്കും. എന്നിട്ടും സർക്കാർ വിഷയത്തിൽ ഇടപെട്ട് അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. മറ്റ് ബസ് സംഘടനകളുടെ കൂടി പിന്തുണ ഉറപ്പാക്കി, ഒരു ബസ് പോലും നിരത്തിലിറക്കാത്ത രീതിയിലുള്ള ശക്തമായ പണിമുടക്കിലേക്ക് നീങ്ങുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി.
70 12 23 03 34




0 Comments