പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 16-ന് .....; നഗര വികസന മുന്നണിയിൽ സ്ഥാനാർത്ഥി ചർച്ചകൾ നാളെ മുതൽ
പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 16-ന് നടക്കും. ഇതുസംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് രാവിലെ നഗരസഭയിൽ ലഭിച്ചു. ഇതോടെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമായി.
നഗര വികസന മുന്നണി കൂട്ടായ്മയിൽ നിന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ സ്ഥാനാർത്ഥിയെ ഏകകണ്ഠമായി തീരുമാനിക്കാൻ അനൗപചാരിക ചർച്ചകൾ പുരോഗമിക്കുകയാണ്.
തർക്കം ഒഴിവാക്കി ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് മുന്നണി നേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന.
ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ നാളെ മുതൽ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ കക്ഷി നേതാക്കളും മുന്നണി പ്രതിനിധികളും പങ്കെടുക്കുന്ന കൂടിക്കാഴ്ചകളിലൂടെ സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയിലെത്താനുള്ള ശ്രമങ്ങളാണ് നടക്കുക.
നഗര വികസന മുന്നണിയുടെ സ്ഥാനാർത്ഥി നിർണയമാണ് തിരഞ്ഞെടുപ്പിലെ നിർണായക ഘടകമായി വിലയിരുത്തപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ ഏകകണ്ഠ തീരുമാനം ഉണ്ടായില്ലെങ്കിൽ മുന്നണിക്കുള്ളിൽ തന്നെ മത്സരസാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
സെപ്റ്റംബർ 16-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശവും അനുബന്ധ നടപടിക്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം നഗരസഭയിൽ പൂർത്തിയാക്കും.
70 12 23 03 34



0 Comments