കളരിയാംമാക്കല്‍ പാലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം; ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചീകരിക്കാന്‍ നഗരസഭ





സുനില്‍ പാലാ

കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് പാലാ കളരിയാംമാക്കല്‍ പാലത്തിന്റെ തൂണുകളില്‍ അടിഞ്ഞുകൂടിയ ടണ്‍കണക്കിന് മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചുകൊണ്ട് ശുചീകരിക്കാനുള്ള നീക്കവുമായി പാലാ നഗരസഭാ അധികാരികള്‍ രംഗത്ത്.  

ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ മായാ രാഹുല്‍ നേരിട്ട് വിവിധ സംഘടനകളുമായി സംസാരിച്ചു കഴിഞ്ഞു.

നദീ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പാലം നിത്യേന ഉപയോഗിക്കുന്ന നാട്ടുകാര്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം.

മീനച്ചില്‍ പഞ്ചായത്തിനെയും  പാലാ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലത്തില്‍ ആറ്റിലൂടെ ഒഴുകിയെത്തിയ തടികളും മരക്കൊമ്പുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും കുന്നുകൂടിയിരിക്കുകയാണ്. പാലത്തിന്റെ ഒരറ്റത്ത് ഏകദേശം 15 അടി താഴ്ചയുള്ള ഭാഗത്തും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ അപകടസാധ്യത വര്‍ധിച്ചിരിക്കുകയാണ്. തടികള്‍ക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കുമിടയില്‍ ഇഴജന്തുക്കള്‍ ഒളിഞ്ഞിരിക്കുമെന്ന ഭയത്താല്‍ കാല്‍നട യാത്ര പോലും ദുരിതമായെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
നേരത്തെ കരാറുകാരുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കിയിരുന്നത്. ഇത് പക്ഷേ വേനല്‍ക്കാലത്തായതിനാല്‍ കളരിയാമ്മാക്കല്‍ കടവിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആറ്റില്‍ അത്യാവശ്യം വെള്ളമുള്ളപ്പോള്‍ മാലിന്യങ്ങള്‍ നീക്കാനാണ് നഗരസഭാ അധികാരികള്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

അപ്രോച്ച് റോഡില്ലാത്ത കളരിയാംമാക്കല്‍ പാലത്തിലൂടെ ഇപ്പോള്‍ ഗോവണി വച്ചും മറ്റുമാണ് യാത്രക്കാര്‍ ഇരുകര സഞ്ചരിക്കുന്നത്.


ജനകീയ കൂട്ടായ്മ രൂപീകരിച്ചുള്ള പ്രവര്‍ത്തനം സ്വാഗതാര്‍ഹം

കളരിയാമ്മാക്കല്‍ കടവില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് നീക്കം ചെയ്യാനുള്ള പാലാ നഗരസഭാ അധികാരികളുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments