കെ.എസ്.ആർ.ടി.സി ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും
തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ കൂട്ടത്തല്ലിലും കലാശിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
ബസ് തട്ടി ലോറിയുടെ സൈഡ് ഗ്ലാസ് പൊട്ടിയെന്നാരോപിച്ച് പ്രകോപിതനായ ലോറി ഡ്രൈവർ, ബസ് ഡ്രൈവറെ റോഡിൽവെച്ച് മർദ്ദിക്കുകയായിരുന്നു. ഇതിനുശേഷം ബസ് അടൂർ ഡിപ്പോയിലെത്തിയപ്പോൾ പിന്നാലെ സിലിണ്ടറുകൾ നിറച്ച ലോറിയും ഡിപ്പോയിലെത്തി.
ഡിപ്പോയ്ക്കുള്ളിൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം ലോറി നിർത്തിയതോടെ ഗതാഗതതടസ്സമുണ്ടായി. പിന്നാലെ ലോറി ഡ്രൈവർ ബസിനടുത്തേക്കെത്തി ഡ്രൈവറെ വലിച്ചിറക്കാനും താക്കോൽ ഊരിയെടുക്കാനും ശ്രമിച്ചു.
ഇതുകണ്ടതോടെ ഡിപ്പോയിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരും മറ്റുള്ളവരും കൂട്ടത്തോടെയെത്തി ബസ് ഡ്രൈവർക്ക് നേരത്തെ ഏറ്റ മർദ്ദനത്തിന് ‘തിരിച്ചടി’ നൽകുകയായിരുന്നു.
തുടർന്ന് പൊലീസിൽ കേസ് എത്തുന്നതിന് മുൻപ് ഉന്നത ഇടപെടലിലൂടെ പ്രശ്നം ഒത്തുതീർപ്പാക്കുകയാണുണ്ടായത്.
ബസ് ട്രിപ്പ് മുടങ്ങിയതിനും ബസ് ഡ്രൈവറുടെ കണ്ണട തകർന്നതിനും ഉൾപ്പെടെ ലോറി ഡ്രൈവർ 28,000 രൂപ നൽകി പ്രശ്നം പരിഹരിച്ചതോടെയാണ് സംഭവത്തിന് ശമനമായത്. അതേസമയം, ഗ്യാസ് സിലിണ്ടർ ലോറി അടുത്തിടെ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനും കെ.എസ്.ആർ.ടി.സി മുൻ സി.എം.ഡിയുമായിരുന്ന വ്യക്തിയുടെ സഹോദരന്റേതാണെന്നും, ഇതിന്റെ സ്വാധീനത്തിലാണ് പൊലീസ് കേസ് എടുക്കുന്നതിന് മുൻപ് വിഷയം ഒതുക്കിതീർത്തതെന്നുമുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.
70 12 23 03 34


0 Comments