പശുവും ചത്ത് മോരിലെ പുളിയും പോയപ്പോൾ നീണ്ട വിശദീകരണക്കുറിപ്പുമായി വിമത കോൺഗ്രസ് കൗൺസിലർ രജിതാ പ്രകാശ് രംഗത്ത് "എന്നെ കോൺഗ്രസ് വിമതയായി മുദ്രകുത്തി പാർട്ടിയിൽ നിന്ന് പുറത്താക്കി. എന്നിട്ടും പാർട്ടിയുമായി അഭിപ്രായ ഐക്യം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത്
സാധ്യമാകാത്ത സാഹചര്യത്തിലാണ് വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നും രജിത
വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചാറ് മണിക്കൂർ കഴിഞ്ഞപ്പോഴാണ് നീണ്ട വിശദീകരണക്കുറിപ്പിലൂടെ തന്റെ നിലപാട് രജിതാ പ്രകാശ് വിശദീകരിച്ചത് . ആശുപത്രിയിൽ അത്യാസന നിലയിൽ കഴിയുന്ന ഒരു ബന്ധുവിൻ്റെ അടുത്ത് പോയി എന്നായിരുന്നു , രജിതയുടെ ആദ്യ വിശദീകരണം .
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കുന്ന പ്രമേയത്തോടൊപ്പം ഉറച്ചുനിന്നതായും രജിത പറയുന്നു.
മുൻ ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തിൽ ശരിയെന്ന് ബോധ്യപ്പെട്ട നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനുകൂലമായി വോട്ട് ചെയ്തതെന്നും അതിന് പിന്നിൽ വ്യക്തിപരമായ വിരോധമൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വിശദീകരിച്ചു.
തുടർന്ന് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് തിരിച്ചെടുത്ത മായാ രാഹുലിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും അതിന് ശേഷമാണ് തന്നെ കോൺഗ്രസ് വിമതയായി മുദ്രകുത്തി പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും രജിതാ പ്രകാശ് ആരോപിക്കുന്നു.
വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പാർട്ടിയുമായി അഭിപ്രായ ഐക്യം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് സാധ്യമാകാത്തതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും വ്യക്തിപരമായ അസൗകര്യവും അതിനൊപ്പം യാദൃശ്ചികമായി വന്നുചേർന്നതാണെന്നും അവർ വ്യക്തമാക്കി.
ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുമെന്നും വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല, ജനങ്ങളുടെ താൽപര്യങ്ങൾക്കും താൻ വിശ്വസിക്കുന്ന നിലപാടുകൾക്കുമാണ് തുടർന്നും മുൻഗണന നൽകുകയെന്നും രജിതാ പ്രകാശ് കുറിപ്പിൽ കൂട്ടിച്ചേർത്തു.
70 12 23 03 34




0 Comments