പാലാ നഗരസഭയിൽ വലതും ഇടതും മത്സരിച്ചു... ഒടുവിൽ "അവിയലായി " ....... "നാണംകെട്ട ഈ രാഷ്ട്രീയക്കളി ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ?" എന്ന് ആം ആദ്മി പാർട്ടി



പാലാ നഗരസഭയിൽ വലതും ഇടതും മത്സരിച്ചു... ഒടുവിൽ "അവിയലായി " ....... "നാണംകെട്ട ഈ രാഷ്ട്രീയക്കളി ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ?" എന്ന് ആം ആദ്മി പാർട്ടി

 തിരഞ്ഞെടുപ്പിന്  മുമ്പ് പരസ്പരം കൊമ്പുകോർത്ത് ജനങ്ങളുടെ വോട്ട് വാങ്ങിയവരും, വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ അധികാരക്കസേരയുടെ ചുറ്റും കൈകോർത്തവരും ചേർന്ന് പാലാ നഗരസഭയെ രാഷ്ട്രീയ പരീക്ഷണശാലയാക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി മുനിസിപ്പൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

"വലതും ഇടതും മത്സരിച്ചു; ഫലം വന്നപ്പോൾ രണ്ടും ചേർന്ന് അവിയലായി. പക്ഷേ ആ അവിയലിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു നുള്ള് ഉപ്പുപോലും ചേർത്തില്ല" എന്നായിരുന്നു പാർട്ടിയുടെ പരിഹാസം.


കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ പാലാ നഗരസഭയുടെ ഏറ്റവും വലിയ 'ഭരണനേട്ടം' എന്താണെന്ന് ചോദിച്ചാൽ ചെയർമാൻ മാറുന്ന വേഗതയാണെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ്. ഇപ്പോഴാകട്ടെ വെറും എട്ടുമാസത്തിനിടെ രണ്ട് ചെയർപേഴ്സണും രണ്ട് വൈസ് ചെയർമാന്മാരും എന്ന അപൂർവ 'റെക്കോർഡും' സ്വന്തമാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് വികസനമാണ് വേണ്ടത്; നഗരസഭയോ കസേരമാറ്റ മത്സരമാണ് നടത്തുന്നതെന്നും ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും എൽഡിഎഫും പരസ്പരം എതിരാളികളായിരുന്നെങ്കിൽ, ഇന്ന് അധികാരത്തിന്റെ മണം കിട്ടിയപ്പോൾ അതേ എതിരാളികൾ 'നഗര വികസന മുന്നണി' എന്ന പുതിയ രുചിക്കൂട്ടിൽ ലയിച്ചിരിക്കുകയാണ്. വോട്ടർമാരെ ഇതിലും വലിയ രീതിയിൽ പരിഹസിക്കാൻ കഴിയുമോ? എന്നും പാർട്ടി നേതാക്കൾ  ചോദിക്കുന്നു.


ഒരു മഴ പെയ്താൽ പാലാ ടൗണിലെ റോഡുകൾ വെള്ളക്കെട്ടിന്റെ സ്ഥിരം വേദിയാകുകയാണ്. ഓടകൾ അടഞ്ഞുകിടക്കുന്നു. നടപ്പാതകൾ തകർന്നുകിടക്കുന്നു. കാൽനടയാത്രക്കാർ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവച്ച് നടക്കേണ്ടി വരുന്നു. എന്നാൽ നഗരസഭയിൽ ചർച്ചയാകുന്നത് കസേര ആരുടേതാകുമെന്നതാണെന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

ആറുവർഷം മുമ്പ് പൊളിച്ച ടൗൺ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിന്റെ മേൽക്കൂര ഇന്നും തിരിച്ചെത്തിയിട്ടില്ല. അതും പാലായിലെ 'ദീർഘകാല വികസന പദ്ധതിയുടെ' സ്മാരകമായി നിൽക്കുകയാണെന്നും പാർട്ടി പരിഹസിച്ചു.


"ജനങ്ങളുടെ പ്രശ്നങ്ങൾ മഴയിൽ മുങ്ങുമ്പോൾ അധികാരമോഹം മാത്രം പൊങ്ങിക്കിടക്കുന്ന നാണംകെട്ട ഈ രാഷ്ട്രീയക്കളി ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ?" എന്നും ആം ആദ്മി പാർട്ടി ചോദിച്ചു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ രാജിവച്ച് വീണ്ടും ജനവിധി തേടാനുള്ള ആർജവം ഭരണപക്ഷവും പുതിയ കൂട്ടുകെട്ടും കാണിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ രാജു താന്നിക്കൽ, തോമസ് മാധവത്ത്, ജയേഷ് പി. ജോർജ്, സെക്രട്ടറി ബിനു മാത്യൂസ്, സിബി വരിയാനി എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments