കടനാട്ടിൽ ബൊക്കെക്ക് വീണ്ടും കാവൽ ..... !!! ഉദ്ഘാടനത്തിന് മുമ്പേ 'പൂക്കളുടെ സുരക്ഷാ യോഗം'!!! മൂന്ന് വർഷം മുമ്പ് മന്ത്രി വീണാ ജോർജിന്റെ കൈയിലെത്തിയ ബൊക്കെ ഇപ്പോഴും രാഷ്ട്രീയ ചരിത്രത്തിൽ; "മുന്നിൽ നിൽക്കാം... പ്രസിഡന്റിന്റെ ബൊക്കെ മാത്രം തട്ടിപ്പറിക്കരുതേ...." എന്ന മുന്നറിയിപ്പിൽ പഞ്ചായത്ത് കമ്മിറ്റി യോഗം കൂട്ടച്ചിരിപ്പൂക്കളായി






സുനിൽ പാലാ

കടനാട് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വരുമ്പോൾ ഇനി റിബൺ മുറിക്കുന്നതിനെക്കാൾ വലിയ ആശങ്ക ബൊക്കെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുമോ എന്നതാണെന്ന് തോന്നും. മൂന്ന് വർഷം മുമ്പ് നടന്ന "ഓപ്പറേഷൻ ബൊക്കെ"യുടെ ഓർമ്മ വീണ്ടും പൊടിതട്ടിയതോടെ പഞ്ചായത്ത് കമ്മിറ്റി യോഗം ഗൗരവചർച്ചയിൽ നിന്ന് നേരെ കോമഡി ഷോയിലേക്ക് വഴിമാറി.

2023-ൽ അന്നത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രിയുടെ പ്രധാന സെന്റർ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിജി തമ്പി സ്വീകരണത്തിനായി ബൊക്കെയുമായി റെഡിയായി നിന്നു. എന്നാൽ സിനിമയിലെ ക്ലൈമാക്സിൽ നായകൻ എത്തുന്ന സ്പീഡിൽ വാർഡ് മെമ്പറായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു എത്തി, ബൊക്കെ "റീഡയറക്ട്" ചെയ്ത് മന്ത്രിയുടെ കൈയിലെത്തിച്ചു. ജിജി തമ്പിക്ക് അന്ന് ചെയ്യാൻ കഴിഞ്ഞത് പൂക്കൾ പോയ വഴിയിലേക്ക് നോക്കി നിൽക്കുക മാത്രമായിരുന്നുവെന്നാണ് ഇന്നും നാട്ടിലെ വർത്തമാനം .
ഇപ്പോൾ അതേ ആശുപത്രിയിൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയ്ൻ സെൻ്റർ   ഉദ്ഘാടനത്തിനായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ എത്താനിരിക്കെ പഴയ പൂക്കളും പഴയ ഓർമ്മകളും വീണ്ടും പഞ്ചായത്ത് മെമ്പർമാരുടേയും നാട്ടു കാരുടേയും മനസ്സിൽ  വിരിയുകയാണ്. 

ഇന്ന് നടക്കുന്ന ഉദ്ഘാടന കാര്യങ്ങളെ കുറിച്ച് ആലോചിച്ച കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വാർഡ് മെമ്പർ ഉഷാ രാജു ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു:

 "അത് എന്റെ വാർഡാണ്... ഉദ്ഘാടന ദിവസം ഞാൻ മുന്നിൽ മുന്നിൽ നിൽക്കും. !!! "
യോഗത്തിൽ ഒരു നിമിഷം നിശ്ശബ്ദത. അടുത്ത നിമിഷം വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് മൈക്കില്ലാതെ തന്നെ "ഡയലോഗ് ഓഫ് ദ ഡേ" ഇറക്കി ; 

 "മുന്നിൽ മുന്നിൽ നിൽക്കുന്നതിന് കുഴപ്പമില്ല... പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണിയുടെ കയ്യിലിരിക്കുന്ന ബൊക്കെ മാത്രം തട്ടിപ്പറിക്കരുതേ..പ്ലീസ്!"

അത് കേട്ടതോടെ കമ്മിറ്റി മുറിയിലെ ചിരി റിബൺ മുറിക്കുന്നതിന് മുമ്പേ പൊട്ടിത്തെറിച്ചു. ചിലർ പറയുന്നത്, ഇനി ഉദ്ഘാടന വേദിയിൽ പൂക്കൾക്ക് ഇൻഷുറൻസ് എടുത്താൽ നന്നായിരിക്കുമെന്നാണ്. മറ്റുചിലർക്ക് സംശയം, ബൊക്കെ കൈമാറാൻ പ്രത്യേക റിഹേഴ്സലും വേണമോ എന്നാണ്!

ആകെപ്പാടെ, കടനാട്ടിൽ ഇപ്പോൾ മന്ത്രി വരുന്നതിനേക്കാൾ വലിയ സസ്പെൻസ്—"ബൊക്കെ ആരുടെ കയ്യിൽ തുടങ്ങി ആരുടെ കയ്യിൽ അവസാനിക്കും?" എന്നതാണ്. പൂക്കൾക്ക് പോലും ഇനി ഉദ്ഘാടന വേദിയിൽ സ്വന്തം സുരക്ഷ ഉറപ്പാക്കേണ്ട കാലം വന്നുവെന്നാണ് കമ്മിറ്റിയിലെ ചിരിക്കാർ പറഞ്ഞത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments