മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടുക്കി സന്ദര്‍ശനം ഇന്ന് ....പ്രതീക്ഷയോടെ മലയോരജനത

 
 മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടുക്കി സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് മലയോരജനത കാണുന്നത്. പരിസ്ഥിതിലോല പ്രശ്നങ്ങളും വന്യമൃഗ ആക്രമണങ്ങളും വനാതിര്‍ത്തികളില്‍ മൃഗങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവുമെല്ലാം നിലനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.


 ഇഎസ്എ സംബന്ധിച്ച അന്തിമ വിജ്ഞാപനത്തില്‍നിന്നു ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കുന്നതിനു കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ രേഖകള്‍ സഹിതം കൃത്യമായ ഇടപെടല്‍ നടത്തണമെന്ന ശക്തമായ ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. ഇതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. 


 കോടതിവ്യവഹാരങ്ങളില്‍ കുരുങ്ങി നിര്‍മാണം നിലച്ച കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് മറ്റൊരാവശ്യം . ഇതിനു പുറമേ ഉപാധിരഹിത പട്ടയമെന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനു സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാടുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. 


ഇതിന് പുറമേയാണ് ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗആക്രമണങ്ങള്‍. നാലുമാസത്തിനിടെ ജില്ലയില്‍ കാട്ടാനയാക്രമണത്തില്‍ നാലു ജീവനുകളാണ് പൊലിഞ്ഞത്. ഇതിനു പുറമേ കടുവയുടെ ശല്യവും രൂക്ഷമാണ്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയം നല്‍കണമെന്നതാണ് മലയോര ജനതയുടെ മറ്റൊരാവശ്യം. 



ജില്ലാ ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നതിനടക്കം ടൂറിസം മേഖലയിലും സര്‍ക്കാരിന്റെ ഇടപെടലിനായി ജില്ല കാത്തിരിക്കുകയാണ്. 
ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ വിദേശ-ആഭ്യന്തര സഞ്ചാരികള്‍ ജില്ലയിലേക്ക് എത്തുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments