കാട്ടാന ആക്രമണങ്ങളും ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യവും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.
വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് കളക്ടറുടെ കർശന നിർദേശം.
തോട്ടം മേഖലകളിൽ രാത്രികാലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രദേശത്തെ അപകടസാധ്യതകളെക്കുറിച്ചോ കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ചോ കൃത്യമായ ധാരണയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ രാത്രികാലങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പുറത്തിറങ്ങുന്നത് വലിയ ജീവൻ ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് ഭരണകൂടം ഈ നടപടി സ്വീകരിച്ചത്.
ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം നിത്യസംഭവമായതോടെ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഭരണകൂടം ഇത്തരമൊരു കടുത്ത നിയന്ത്രണത്തിലേക്ക് കടന്നത്.
നേരത്തെ കാട്ടാനത്താരകളിലെ അനധികൃത നിർമാണങ്ങളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള കോടതിയുടെയും ഭരണകൂടത്തിന്റെയും ഉത്തരവുകൾ നിലനിൽക്കെയാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ കൂടി പ്രാബല്യത്തിൽ വരുന്നത്. പ്രദേശത്ത് കാട്ടാന ഭീഷണി പൂർണ്ണമായി നിയന്ത്രണവിധേയമാകുന്നതുവരെ നടപടി തുടരുമെന്നാണ് സൂചന.
എന്നാൽ, ജില്ലയിലുടനീളമുള്ള വനാതിർത്തി പ്രദേശങ്ങൾക്ക് ഒരുപോലെ ബാധകമാകുന്ന രീതിയിൽ യാത്രാവിലക്ക് പുറപ്പെടുവിച്ചത് പ്രദേശവാസികൾക്കിട യിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വൈകിട്ട് ആറുമണി മുതൽ രാവിലെയേക്കമുള്ള നിയന്ത്രണം ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും, ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്ന യാത്രക്കാർക്കും ഈ പുതിയ ഉത്തരവ് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
വന്യജീവികളെ തുരത്താൻ പ്രായോഗിക നടപടികൾ സ്വീകരിക്കുന്നതിന് പകരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രാദേശിക ജനപ്രതിനിധികളും വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെങ്കിലും അടിയന്തര യാത്രകൾക്കും അവശ്യ സർവീസുകൾക്കും ഇളവുകൾ അനുവദിക്കണമെന്നും, പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉത്തരവിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.
70 12 23 03 34




0 Comments